
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, അടുത്തിടെ നിയമിച്ച തൃശൂരും, കോഴിക്കോടും ഒഴിച്ചുള്ള മുഴുവൻ ഡി.സി.സികളിലും അദ്ധ്യക്ഷരെ മാറ്റി നിയമിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കമാൻഡിന് കെ.പി.സി.സി റിപ്പോർട്ട് നൽകി.
ജില്ലാതല അവലോകന യോഗങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണ് എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന് കൈമാറിയത്. പാർട്ടിക്കും മുന്നണിക്കും തിരിച്ചടി നേരിട്ട മേഖലകളും തിരിച്ചടിക്കിടയാക്കിയ കാരണങ്ങളും അതിനുത്തരവാദികളെയും സംബന്ധിച്ചെല്ലാം റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ പോരായ്മകൾ പരിഹരിച്ച് നേട്ടമുണ്ടാക്കാനാവശ്യമായ അടിയന്തര നടപടികളുണ്ടാവണം.
തിരഞ്ഞെടുപ്പിൽ പാർട്ടിയോ മുന്നണിയോ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്ഥലങ്ങളിൽ പാർട്ടിതലത്തിൽ സമ്പൂർണ്ണ അഴിച്ചുപണിയുണ്ടാകണം. കാര്യക്ഷമമായി പ്രവർത്തിക്കാത്ത ഡി.സി.സി ഭാരവാഹികളെ അടിയന്തരമായി നീക്കണം. 25 ശതമാനം വിജയം പോലും നേടാനാവാത്തിടങ്ങളിൽ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ ഒഴിവാക്കണം.
നിയോജകമണ്ഡലാടിസ്ഥാനത്തിൽ ഓരോ തദ്ദേശസ്ഥാപനത്തിലും മുന്നണിക്ക് ഇത്തവണയും, കഴിഞ്ഞ തിരഞ്ഞെടുപ്പിലും കിട്ടിയ വോട്ട് വിഹിതം സംബന്ധിച്ച കണക്കുകളും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെത്തിയ താരിഖ് അൻവർ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി രണ്ട് ദിവസമായി നടത്തിവന്ന കൂടിക്കാഴ്ചകൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ ഡൽഹിക്ക് മടങ്ങി. സമഗ്രമായ റിപ്പോർട്ട് ഉടനെ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം കൈമാറും. ജനുവരി മദ്ധ്യത്തോടെ ഹൈക്കമാൻഡിന്റെ തിരുത്തൽ നടപടികളുണ്ടാവുമെന്നാണ് സൂചന.