
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനയാകാനുള്ള ഹിതപരിശോധന (റഫറണ്ടം) നാളെ നടക്കും. വാശിയേറിയ മത്സരമായതിനാൽ സമൂഹമാദ്ധ്യമങ്ങളുൾപ്പെടെ ഉപയോഗിച്ചാണ് പ്രചാരണം.
15 ശതമാനം തൊഴിലാളികളുടെ പിന്തുണയുണ്ടെങ്കിലേ അംഗീകൃത സംഘടനയാവാൻ കഴിയൂ. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു), ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും (ഐ.എൻ.ടി.യു.സി) മാത്രമാണ് നിലവിൽ അംഗീകാരമുള്ളത്. 2016 മേയ് 25ന് നടന്ന ഹിതപരിശോധനയിൽ മറ്റൊരു സംഘടനയ്ക്കും പത്ത് ശതമാനം ജീവനക്കാരുടെ പിന്തുണ പോലും ലഭിച്ചിരുന്നില്ല
പക്ഷെ, ഇത്തവണ കെ.എസ്.ടി.എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി), എംപ്ളോയീസ് സംഘ് (ബി.എം.എസ്), വെൽഫെയർ അസോസിയേഷൻ എന്നിവ അംഗീകാരം കിട്ടാനുള്ള കഠിന ശ്രമത്തിലാണ്. താൽക്കാലിക ജീവനക്കാരിൽ നല്ലൊരു പങ്കിനേയും ഒഴിവാക്കി നടക്കുന്ന തിരഞ്ഞെടുപ്പിൽ ഈ സംഘടനകൾക്ക് പ്രതീക്ഷ കൂടുതലാണ്. എംപ്ലോയീസ് യൂണിയൻ 1996ൽ 20 ശതമാനത്തിലേറെ വോട്ടോടെ അംഗീകാരം നേടിയിരുന്നു. . കഴിഞ്ഞ തവണത്തെക്കാൾ 500 വോട്ട് കൂടുതൽ കിട്ടിയാൽ യൂണിയന് അംഗീകാരം ലഭിക്കും. എപ്ലോയീസ് സംഘിന് ആയിരം വോട്ട് അധികമായി നേടണം.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന്റെ നേട്ടം ഉദ്ദേശിച്ച രീതിയിൽ സി.ഐ.ടി.യു സംഘടനയ്ക്കുണ്ടായില്ല. കോർപറേഷന്റെ സാമ്പത്തിക നില കൂടുതൽ തകരാറിലായി, വർക്ക്ഷോപ്പുകൾ പൂട്ടി.എം പാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ശമ്പള മുടക്കം പതിവായി. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിലും സമരം നയിക്കുന്നതിലുമൊക്കെ എംപ്ലോയീസ് അസോസിയേഷൻ പിന്നാക്കം പോയപ്പോൾ, അവസരം മുതലാക്കി മുന്നേറാനാണ്എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ശ്രമിച്ചത്.. എന്നാൽ കൊവിഡ് കാലത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകിയതും രക്ഷാപാക്കേജ് പ്രഖ്യാപിച്ചതും നേട്ടമാക്കി മാറ്റാനാണ് എംപ്ലോയീസ് അസോസിയേഷന്റെ ശ്രമം. ഭരണ വിരുദ്ധ വികാരം വോട്ടാക്കാൻ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും ശ്രമിക്കുന്നു.ആകെ 17 സംഘടനകളാണ് കോർപറേഷനിലുള്ളത്. വോട്ടർമാർ കഴിഞ്ഞ തവണ 39,000. ഇപ്പോൾ 27,461.