
ചിറയിൻകീഴ്:അഴൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിലെ ആർ.അനിൽ (സി.പി.എം) പ്രസിഡന്റായും ബി.എസ്. കവിത (സി.പി.എം) വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 11 വോട്ട് വീതം നേടി. പഞ്ചായത്തിലെ ഏക സ്വതന്ത്ര സ്ഥാനാർത്ഥി വോട്ട് അസാധുവാക്കി. എതിർ സ്ഥാനാർത്ഥികളായി മത്സരിച്ച യു.ഡി.എഫിലെ സജിത്തിനും കെ.ഓമനയ്ക്കും ബി.ജെ.പിയിലെ കെ.എസ്.അനിൽകുമാറിനും കെ.സിന്ധുവിനും മൂന്ന് വോട്ടുകൾ വീതം ലഭിച്ചു. എസ്.വി. അനിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആർ.അനിലിന്റെ പേര് നിർദ്ദേശിച്ചത്.സി.സുര പിന്താങ്ങി. ലതിക മണിരാജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.എസ്. കവിതയുടെ പേര് നിർദ്ദേശിച്ചു. ഷാജഹാൻ പിന്താങ്ങി. കഴക്കൂട്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീജ എസ്.ധരൻ വരണാധികാരിയായിരുന്നു. പ്രസിഡന്റ് ആർ.അനിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗം,കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ്. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പാർട്ടി രംഗത്ത് പ്രവർത്തിക്കുന്ന ആർ.അനിൽ ബാലസംഘത്തിലൂടെയാണ് 16 ാം വയസിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ എത്തിയത്. പത്ത് വർഷക്കാലം സി.പി.എം അഴൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കഴിഞ്ഞ കമ്മിറ്റിയിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. അഴൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായ സഖാവ് കേശവന്റെ കൊച്ചുമകൻ കൂടിയാണ്. പുതുമുഖ സ്ഥാനാർത്ഥിയായ വൈസ് പ്രസിഡന്റ് ബി.എസ്. കവിത വെയ്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപികയാണ്. പതിനെട്ട് വാർഡുളള അഴൂർ ഗ്രാമപഞ്ചായത്തിൽ 11 എൽ.ഡി.എഫ് മെമ്പർമാരും മൂന്ന് വീതം കോൺഗ്രസ്, ബി.ജെ.പി മെമ്പർമാരും ഒരു സ്വതന്ത്രനുമാണുളളത്. പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്ന് വർഷം ആർ.അനിലിനും അവസാന രണ്ട് വർഷം മുട്ടപ്പലം വാർഡിൽ നിന്നു വിജയിച്ച എസ്.വി. അനിലാലിനും എന്നാണ് അറിയുന്നത്.