photo

നെടുമങ്ങാട്: മുൻ ധാരണയ്ക്ക് വിരുദ്ധമായി നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ സ്ഥാനം സി.പി.എം പിടിച്ചെടുത്തതെന്ന ആരോപണവുമായി സി.പി.ഐ രംഗത്ത് വന്നതോടെ എൽ.ഡി.എഫിൽ പൊട്ടിത്തെറി. ഉപരിഘടകങ്ങളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിയാരം വാർഡിൽ വിജയിച്ച എസ്.രവീന്ദ്രനെയാണ് സി.പി.ഐ നിശ്ചയിച്ചിരുന്നത്. എന്നാൽ, രവീന്ദ്രന്റെ നാമനിർദ്ദേശത്തിന് തൊട്ടുപിന്നാലെ സി.പി.എം അംഗങ്ങൾ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും തറട്ട വാർഡ് കൗൺസിലറുമായ പി.ഹരികേശനെ നിർദേശിക്കുകയായിരുന്നു. സി.പി.എം വിട്ടു അടുത്തകാലത്ത് സി.പി.ഐയിൽ ചേർന്ന രവീന്ദ്രനെ വൈസ് ചെയർമാൻ സ്ഥാനത്ത് അംഗീകരിക്കില്ലെന്ന് മുൻകൂട്ടി സി.പി.ഐ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ഉപാധികൾ അംഗീകരിക്കാതെ ഏകപക്ഷീയമായി സി.പി.ഐ വൈസ് ചെയർമാനെ നിർദ്ദേശിച്ചതാണ് സി.പി.എം കൗൺസിലർമാരുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയതെന്നുമാണ് സി.പി.എം ഏരിയാ നേതൃത്വത്തിന്റെ വിശദീകരണം.നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ നെടുമങ്ങാട്ടെ പൊട്ടിത്തെറി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.വൈസ് ചെയർമാനായി പി.ഹരികേശന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഹരികേശനോട് രാജിവച്ച് സി.പി.ഐയെ പിന്തുണയ്ക്കാൻ ഏരിയാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതായി സൂചനയുണ്ട്.എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പാർട്ടി കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. നിലവിലെ കൗൺസിലിൽ രവീന്ദ്രൻ ഉൾപ്പെടെ സി.പി.ഐക്ക് മൂന്ന് അംഗങ്ങളാണുള്ളത്. പൂവത്തൂർ വാർഡ് കൗൺസിലറും കഴിഞ്ഞ കൗൺസിലിലെ വൈസ് ചെയർപേഴ്‌സണുമായ ലേഖാവിക്രമനെ വീണ്ടും പരിഗണിക്കണമെന്നതായിരുന്നു വൈസ് ചെയർമാൻ സ്ഥാനം വിട്ടുനൽകാൻ സി.പി.എം ഏരിയാ ഘടകം മുന്നോട്ടു വച്ചിരുന്ന ഉപാധി. എന്നാൽ,ഇന്നലെ രാവിലെ നെടുമങ്ങാട്ട് ചേർന്ന സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ഈ നിർദ്ദേശം അംഗീകരിച്ചില്ല. ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ സി.പി.ഐ അംഗങ്ങൾ രവീന്ദ്രന്റെ പേര് നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെ,സി.പി.എം ഏരിയാ സെന്റർ അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുമായി മൊബൈൽ ഫോണിൽ ചർച്ച നടത്തിയാണ് പി.ഹരികേശനെ നാമനിർദ്ദേശം ചെയ്തത്. സി.പി.എം അംഗങ്ങൾ 24 പേരും ഏകകണ്ഠനെ ഈ നിർദ്ദേശത്തെ പിന്തുണച്ചതോടെ കൗൺസിലിൽ സി.പി.ഐ അംഗങ്ങൾ മൂന്നു പേരും വെട്ടിലായി. സി.പി.എം ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറിയുമാണ് തിരഞ്ഞെടുക്കപ്പെട്ട വൈസ് ചെയർമാൻ പി.ഹരികേശൻ. പി.ഹരികേശൻ സ്ഥാനം രാജിവച്ചാൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് മുനിസിപ്പൽ ഇലക്ഷൻ കമ്മിഷൻ വരണാധികാരി അറിയിച്ചു.

സി.എസ്. ശ്രീജയും പി.ഹരികേശനും ചുമതലയേറ്റു

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി പറമുട്ടം വാർഡ് കൗൺസിലർ സി.എസ്. ശ്രീജയും വൈസ് ചെയർമാനായി തറട്ട വാർഡ് കൗൺസിലർ പി.ഹരികേശൻ നായരും ചുമതലയേറ്റു. ഇരുവരും സി.പി.എം അംഗങ്ങളാണ്. 41 -കാരിയായ ശ്രീജ പുതുമുഖമാണ്. കഴിഞ്ഞ കൗൺസിലിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന പി.ഹരികേശൻ, തുടരെ നാലു കൗൺസിലുകളിൽ അംഗമായിട്ടുണ്ട്. സി.പി.എം ഏരിയാ സെന്റർ മെമ്പറാണ്. 39 അംഗ നഗരസഭാ കൗൺസിലിൽ 27 എൽ.ഡി.എഫ് അംഗങ്ങളുടെയും പിന്തുണ സി.എസ് ശ്രീജയ്ക്ക് ലഭിച്ചപ്പോൾ,വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എമ്മും സി.പി.ഐയും വെവ്വേറെയാണ് മത്സരിച്ചത്. പി.ഹരികേശൻ നായർ 24 ഉം സി.പി.ഐയുടെ എസ്.രവീന്ദ്രൻ 3 ഉം വോട്ട് വീതം നേടി.മണക്കോട് വാർഡ് കൗൺസിലർ ബി.സതീശൻ ഹരികേശന്റെ പേര് നിർദേശിക്കുകയും കൊല്ലങ്കാവ് വാർഡ് കൗൺസിലർ പുലിപ്പാറ കൃഷ്ണൻ പിന്താങ്ങുകയും ചെയ്തു.സി.പി.ഐ അംഗവും മുൻ കൗൺസിലിൽ വൈസ് ചെയർപേഴ്‌സണുമായിരുന്ന പൂവത്തൂർ വാർഡ് കൗൺസിലർ ലേഖാ വിക്രമൻ എസ്.രവീന്ദ്രനെ നിർദ്ദേശിച്ചപ്പോൾ മഞ്ച വാർഡ് കൗൺസിലർ പ്രിയാ പി.നായർ പിന്താങ്ങി. ചെയർപേഴ്‌സൺ സ്ഥാനം പട്ടികജാതി സംവരണമായതിനാൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. യു.ഡി.എഫിന്റെ 8 അംഗങ്ങളും ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ മാർക്കറ്റ് വാർഡ് കൗൺസിലർ എൻ.ഫാത്തിമയുടെ പേര് നിർദേശിച്ചു.4 അംഗങ്ങളുള്ള ബി.ജെ.പി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നെട്ട വാർഡ് കൗൺസിലർ എസ്.വിനോദിനിയെയും വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ടവർ വാർഡ് കൗൺസിലർ താരാ ജയകുമാറിനെയും മത്സരിപ്പിച്ചു.വരണാധികാരിയും ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറുമായ ബീന മുമ്പാകെ ദൃഢപ്രതിജ്ഞയെടുത്ത് ചെയർപേഴ്‌സൺ സി.എസ്.ശ്രീജയും,ചെയർപേഴ്‌സൺ മുമ്പാകെ സത്യവാചകം ചൊല്ലി വൈസ് ചെയർമാൻ പി.ഹരികേശൻ നായരും അധികാരമേറ്റു.

പരാതി നൽകും

നെടുമങ്ങാട്: നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ സി.പി.ഐയെ അപമാനിച്ചെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. മുന്നണി ധാരണ ലംഘിച്ച് സി.പി.ഐ സ്ഥാനാർത്ഥിയെ സി.പി.എം സ്ഥാനാർത്ഥി പരാജയപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്നും സി.പി.ഐ ജില്ലാ നേതാക്കൾ അറിയിച്ചു.