bineesh

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇ.ഡി) ബംഗളുരു സെഷൻസ് കോടതിയിൽ കുറ്രപത്രം നൽകി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കുറ്രപത്രത്തിൽ. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19 എ, സെക്ഷൻ 69 വകുപ്പുകൾ ചുമത്തിയാണ് കു​റ്റപത്രം. ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്​റ്റു ചെയ്തത്. അറസ്​റ്റിലായി 60 ദിവസം തികയും മുമ്പ് കു​റ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകുമെന്നതിനാൽ അതു തടയാനാണ് ഇന്നലെത്തന്നെ കുറ്റപത്രം സമർപ്പിച്ചത്.

വിവിധ അക്കൗണ്ടുകളിലൂടെ 2012 മുതൽ 2019 വരെ ബിനീഷ് കോടിയേരി 5,17,36,600 രൂപ അനൂപിന് കൈമാറിയെന്നും ഇത് ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കണക്ക് ബിനീഷ് ആദായനികുതി വകുപ്പിനു നൽകിയ കണക്കുമായി പൊരുത്തപ്പെടുന്നതല്ല.

മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപുമായി വൻ സാമ്പത്തിക ഇടപാടുകളാണ് ബിനീഷിനുണ്ടായിരുന്നത്. ബാങ്ക് ട്രാൻസ്‌ഫറിലൂടെയും നേരിട്ട് അക്കൗണ്ടിലും അനൂപിന് വൻ തുകകൾ നൽകി. 2008 മുതൽ 2013 വരെ അഞ്ചുവർഷം ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയായിരുന്നപ്പോഴും ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ഈ സമയത്ത് അവിടെ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായി. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു അനൂപുമായി വൻ സാമ്പത്തിക ഇടപാടുകൾക്ക് തുടക്കം.

ബിനീഷിന്റെ അക്കൗണ്ടുകളിലെ വൻ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ സാരമായ പൊരുക്കേടുകളുണ്ട്. ചില വർഷങ്ങളിൽ റിട്ടേണിൽ കാണിച്ച വരുമാനത്തിന്റെ പത്തിരട്ടിയോളം തുക അക്കൗണ്ടുകളിലെത്തി. 2018–19 വർഷത്തിൽ മാത്രം 54,89,000 രൂപ അക്കൗണ്ടുകളിലെത്തിയപ്പോൾ ആദായനികുതി റിട്ടേണിൽ കാണിച്ചിരിക്കുന്നത് 13,20,637 രൂപ മാത്രമാണ്.

അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്ന് ബാങ്ക് വായ്പയെടുത്തതാണെന്നാണ് ബിനീഷിന്റെ മൊഴി. അബ്ദുൽ ലത്തീഫുമായി ചേർന്ന് ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും പറഞ്ഞിരുന്നു. അക്കൗണ്ടുകളിൽ പണമെത്തിയ കാലയളവ് പരിഗണിക്കുമ്പോൾ ഈ മൊഴി സംശയകരമാണ്. ഇവന്റ് മാനേജ്മെന്റ്, പ്രൊഡക്ഷൻ കമ്പനികളുടെ ബിനാമി ഇടപാടുകളും ഇ.ഡി കണ്ടെത്തിയിരുന്നു.