 
കുന്നത്തൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച യുവാവും സഹായികളും പിടിയിൽ. ശൂരനാട് വടക്ക് തെക്കേമുറി പുത്തൻവിള തെക്കതിൽ നിയാസ്(26), പോരുവഴി നിലമേൽ വടക്കേക്കര പുത്തൻ വീട്ടിൽ ശ്യാംകുമാർ(24), കണ്ണൂർ ന്യൂമാഹി ചൊക്ലി പെരിങ്ങാടി കടവ്ദാനത്ത് കുനിയിൽ റഹീം(42)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28 ന് പകൽ പന്ത്രണ്ടോടെ പെൺകുട്ടിയെ വീട്ടിൽ നിന്ന് രണ്ടാം പ്രതി ശ്യാം തന്റെ വാഹനത്തിൽ കയറ്റി കായംകുളത്ത് എത്തിക്കുകയായിരുന്നു. ഏറെ നാളായി കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ നിയാസ് പദ്ധതിയിടുകയും ഇതിന് സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നു.കായംകുളത്ത് കാത്ത് നിന്ന നിയാസും റഹീമും കൂടി പെൺകുട്ടിയെ ബസ് മാർഗം കണ്ണൂരിലെത്തിച്ചു. ഇവിടെ ഒരു കെട്ടിടത്തിൽ നാലു ദിവസം താമസിപ്പിച്ച് നിയാസ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച ശൂരനാട് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോമ്പാല എന്ന സ്ഥലത്ത് നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഒളിവിൽ പോയ സഹായികളായ ശ്യാംകുമാറിനെയും റഹീമിനെയും സി.ഐ ഫിറോസിന്റെ നേതൃത്വത്തിൽ പിടികൂടി. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.