
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷൻ പിഹണ്ടിൽ ഐ.ടി വിദഗ്ദ്ധരടക്കം 46 പേർ അറസ്റ്റിൽ. സംസ്ഥാനത്താകെ 465 സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ 339 കേസുകൾ രജിസ്റ്റർ ചെയ്തു. കമ്പ്യൂട്ടറുകളടക്കം 392 ഉപകരണങ്ങൾ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഉന്നത ഉദ്യോഗങ്ങളിലുള്ളവരും ഐ.ടി വിദഗ്ദ്ധരും യുവാക്കളുമാണെന്ന് പൊലീസ് അറിയിച്ചു.
പോക്സോ ആക്ട് പ്രകാരം 41 കേസുകളെടുത്തു. സൈബർഡോം ഓപറേഷൻ ഓഫീസർ സിയാംകുമാർ, രഞ്ജിത്ത് .ആർ.യു, അസറുദ്ദീൻ .എ, വൈശാഖ് .എസ്.എസ്, സതീഷ് .എസ്, രാജേഷ് .ആർ.കെ, പ്രമോദ് .എ, രാജീവ് .ആർ.പി., ശ്യാം ദാമോദരൻ എന്നിവരാണ് റെയ്ഡുകൾ നിയന്ത്രിച്ചത്.
പിടിയിലായവരിൽ ഡോക്ടറും എൻജിനിയറും
തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടെത്താൻ പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ഡോക്ടറും ഐ.ടി ഉദ്യോഗസ്ഥരുമെല്ലാം പിടിയിലായി. ഐ.ടി മേഖലയിൽ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകൾ വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ആറു മുതൽ 15 വയസു വരെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളാണ് പങ്കുവച്ചത്. കുട്ടികളുടെ നഗ്ന ചിത്രങ്ങളുള്ള മൊബൈൽ ഫോണുകളും, ടാബും, ആധുനിക ഹാർഡ് ഡിസ്കുകളും, മെമ്മറി കാർഡുകളും, ലാപ്ടോപ്പുകളും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. സുഖലോകം, സ്കൂൾ, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളിലെ വാട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ഓരോന്നിലും 400ലേറെ അംഗങ്ങളുണ്ടായിരുന്നു.
ഗ്രൂപ്പുകളിലുണ്ടായിരുന്ന ഐടി വിദഗ്ദ്ധർ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് മറയ്ക്കാൻ ആധുനിക ടൂളുകളാണ് ഉപയോഗിച്ചത്. കുട്ടികളെ കടത്തുന്നതിലും ഇവർക്കു ബന്ധമുള്ളതിന്റെ സൂചനകൾ ചാറ്റിൽ നിന്നു ലഭിച്ചതായി പൊലീസ് പറയുന്നു.
കാണുന്ന നഗ്ന വീഡിയോകൾ നൂനത സോഫ്റ്റ്വെയർ ഉപയോഗിച്ച് നശിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. കുട്ടികൾ ഉപയോഗിക്കുന്ന വെബ് കാമിനകത്ത് വൈറസ് കയറ്റിവിട്ട് സ്വകാര്യ വിവരങ്ങൾ ചോർത്തിയിരുന്നതായും കണ്ടെത്തി.
നഗ്ന വീഡിയോകൾ കാണുന്നവരിൽ മിക്കവരും മൂന്നു ദിവസത്തിനിടയിൽ അവരുടെ ഫോൺ ഫോർമാറ്റ് ചെയ്യുമായിരുന്നു. പ്രത്യേക സോഫ്റ്ര്വെയർ ഉപയോഗിച്ച് ഐ.പി വിലാസങ്ങൾ ശേഖരിച്ചും സമൂഹമാദ്ധ്യമത്തിലെ അക്കൗണ്ടുകളുടെ വിവരങ്ങൾ വിവിധ ടൂളുകൾ ഉപയോഗിച്ചു ശേഖരിച്ചുമാണ് സൈബർ ഡോം ഇവരെ കണ്ടെത്തിയത്.
കേസുകൾ
മലപ്പുറം- 46
പാലക്കാട്- 38
ആലപ്പുഴ- 32
തിരുവനന്തപുരം റൂറൽ- 30
തിരുവനന്തപുരം സിറ്റി- 4
കണ്ണൂർ- 27
കോട്ടയം- 21
കൊല്ലം സിറ്റി- 14
കൊല്ലം റൂറൽ- 15
പത്തനംതിട്ട- 11
ഇടുക്കി- 13
കൊച്ചി സിറ്റി- 17
എറണാകുളം റൂറൽ- 16
തൃശൂർ സിറ്റി- 8
തൃശൂർ റൂറൽ- 18
കോഴിക്കോട് സിറ്റി- 4
കോഴിക്കോട് റൂറൽ- 2
വയനാട്- 7
കാസർകോട്- 16