sad-guru

2020 എന്ന വർഷം നമ്മളിൽ പലർക്കും ഒരു വെല്ലുവിളി ആയിരുന്നു. രാജ്യത്തിലെ ഓരോ പൗരനും അതിന് വില നൽകേണ്ടിവന്നിട്ടുണ്ട്. അതേസമയം, വലിയ ഒരു വിഭാഗം യുവജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യ ഇപ്പോൾ, വമ്പിച്ച സാദ്ധ്യതകളുടെ പ്രവേശനകവാടത്തിൽ നിൽക്കുകയാണ്.

മുതിർന്നവരെപ്പോലെ യുവാക്കൾ ഒരു മാതൃകയിൽ ഉറച്ചിട്ടില്ലാത്തതിനാൽ, ലോകത്തിൽ പുതിയ സാദ്ധ്യതകൾ സൃഷ്ടിക്കാൻ അവർക്ക് അവസരമുണ്ട്. ലോകത്തിൽ സൃഷ്ടിപരമായി എന്തെങ്കിലും സംഭവിക്കുന്നത് യുവാക്കളിലൂടെ മാത്രമായിരിക്കും. വിനാശകരമായ എന്തെങ്കിലും ലോകത്തിൽ സംഭവിക്കേണ്ട സാഹചര്യമുണ്ടായാൽ, അതും യുവാക്കളിലൂടെ മാത്രമായിരിക്കും. സാധാരണയായി, യുവാക്കളുടെ പ്രകൃതം എങ്ങനെയെന്നുവച്ചാൽ, അവർ വളരെയധികം ഊർജ്ജസ്വലരാണെങ്കിലും, അതോടൊപ്പം തീവ്രമായ പ്രതികരണ സ്വഭാവമുള്ളവരുമാണ്. അവർക്ക് അളവറ്റ ഊർജ്ജം കൈവശമിരിക്കുമ്പോൾ, വേണ്ടത്ര പ്രചോദനവും ദിശാബോധവും ലഭിക്കാതിരുന്നാൽ, വളരെപ്പെട്ടെന്ന് അവർ നിഷേധികളായി മാറും. അവർക്ക് അത്യാവശ്യമായ സ്ഥിരതയുണ്ടെങ്കിൽ പ്രചോദനപരമായും പുരോഗമനപരമായും ഊർജ്ജം ഉപയോഗിക്കാൻ അവർക്കു കഴിയും.

ഇതുവരെയുള്ളതിൽ, ഈ രാജ്യത്ത് ഏറ്റവും പ്രധാനമായി അഭിസംബോധന ചെയ്യേണ്ടതായ കാര്യം, യുവാക്കളിലെ പ്രചോദനം പൂർണമായും ഇല്ലാതായിരിക്കുന്നു എന്നതാണ്. പ്രചോദനമില്ലാതിരുന്നാൽ, ഒരു മനുഷ്യനും ശാരീരികമോ, മാനസികമോ, സാമൂഹികമോ ആയ പരിമിതികളിൽ നിന്നും ഉയരുകയില്ല. ഉദാഹരണത്തിന്, സ്വാതന്ത്ര്യ സമരകാലത്ത് നമ്മൾക്ക്, പ്രചോദിതരായ ജനങ്ങളുണ്ടായിരുന്നു. എല്ലായിടത്തു നിന്നും ജനങ്ങൾ പുറത്തുവരാനും, രാജ്യത്തിനായി സ്വന്തം ജീവനെ തെരുവിൽ വലിച്ചെറിയാനും തയ്യാറായിരുന്നു. എന്നാൽ കഴിഞ്ഞ 50 വർഷത്തിൽ നമ്മൾ ആളുകളെ പ്രചോദിതരാക്കാൻ തക്കതായ പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. അങ്ങനെ അസംതൃപ്തരും ലക്ഷ്യബോധമില്ലാത്തവരുമായ ആളുകൾ വളരെയധികമായിരിക്കുന്നു. ഏതായാലും നമ്മൾ നമ്മുടെ സമയവും, വിഭവങ്ങളും ഊർജ്ജങ്ങളും അവർക്ക് ജ്ഞാനം പകരാനായി ഉപയോഗിക്കുന്നതിനോടൊപ്പം, അവരെ പ്രചോദിപ്പിക്കുകയും ചെയ്യണം. അങ്ങനെയായാൽ മാത്രമേ സമൂഹം മുന്നേറുകയും മൂല്യവത്തായ പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യൂ.

നിർഭാഗ്യവശാൽ ആധുനിക വിദ്യാഭ്യാസത്തിന് അതിൽ ശ്രദ്ധയില്ലാതായിരിക്കുന്നു. അതു നമ്മളെ തുടർച്ചയായി നമ്മളിൽ മാത്രം ശ്രദ്ധിക്കാൻ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാത്തിനെയും നമ്മളുടെ സൗകര്യത്തിനും ക്ഷേമത്തിനും മാത്രം ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് അതു പഠിപ്പിക്കുന്നത്. തുടക്കത്തിൽ നമ്മൾ ഈ ഭൂമിയെ ഉപയോഗിക്കുന്നു. അങ്ങനെ മരങ്ങൾ, ചെടികൾ, മൃഗങ്ങൾ തുടർന്ന് തീർച്ചായും മനുഷ്യരെയും നമ്മൾക്കായി ഉപയോഗപ്പെടുത്തുന്നു. ഇങ്ങനെയുള്ള ചൂഷണസ്വഭാവം, ഔപചാരികമായ വിദ്യാഭ്യാസത്തിലൂടെ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ഏറ്റവും അത്യാവശ്യമായി വേണ്ടത് എല്ലാം ഉൾക്കൊള്ളുന്ന ഒരു സമൂഹം. എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഒരു സാമ്പത്തികാവസ്ഥ, ഇതിനെല്ലാമുപരി, എല്ലാമുൾക്കൊള്ളുന്ന ചേതനയും. യോഗയുടെ അഥവാ ആത്മീയ പ്രക്രിയകളുടെ പ്രാധാന്യമിതാണ്. അത് എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള ബോധം വളർത്തുന്നു.

നമുക്ക്, നമ്മുടെ ആദർശത്തെയും, വിശ്വാസത്തെയും, ജാതിയെയും, വർഗത്തെയും, നമ്മളെ പിളർക്കുന്ന ഒരു ശക്തിയായി മാറ്റാതിരിക്കാം. നമ്മളിപ്പോഴൊരു നിർണായകസന്ധിയിലാണ്. പ്രത്യേകിച്ചും രാജ്യമാകെ ഈ മഹാമാരി പടർന്ന് വ്യാപിക്കുമ്പോൾ. ഈ രാജ്യത്തിന്റെ ക്ഷമതയെ കണക്കാക്കുമ്പോൾ ഇവിടത്തെ ബുദ്ധിശക്തിയും, ജ്ഞാനവും, ചരിത്രവും, നമ്മുടെ സാംസ്കാരിക ശക്തിയും നോക്കുമ്പോൾ, മറ്റ് രാജ്യങ്ങളുടെ സൗഹൃദ സമൂഹത്തിൽ നമ്മൾക്ക് വേരൂന്നാൻ സാധിച്ചിട്ടില്ല. നമ്മുടെ പൗരന്മാരുടെ ജീവിതനിലവാരത്തെ കണക്കാക്കുമ്പോൾ, നമുക്ക് പല രാജ്യങ്ങൾക്കുമൊപ്പം എത്താനായിട്ടില്ല. ഏഷ്യൻ ‌രാജ്യങ്ങളിൽ പോലും. പല രീതിയിലും നമ്മൾ മറ്റ് രാജ്യങ്ങളെ കണക്കാക്കുമ്പോൾ, 25- 30 വർഷം പിന്നിലാണ്. മഹാമാരിക്ക് ശേഷമുള്ള കാലത്തെ, സമമായി ഏർപ്പെടാവുന്ന ഒരു കളിക്കളമാക്കി മാറ്റാനുള്ള അവസരമാണിത്. നമ്മുടെ വൈജാത്യങ്ങളെ സാദ്ധ്യതകളായും, വൈവിദ്ധ്യത്തെ ഒരു മുതൽക്കൂട്ടായും കണ്ട്, ഒരൊറ്റ രാജ്യമായി പ്രവർത്തിച്ചാൽ മാത്രമേ അതു സാദ്ധ്യമാവുകയുള്ളൂ.

ഓരോ പൗരനും, പ്രത്യേകിച്ചും യുവാക്കൾ, തീർച്ചയായും ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ കഴിവിലും, നിശ്ചദാർഢ്യത്തിലും പ്രചോദനാത്മകമായ പ്രവർത്തനത്തിലുമാണ് ഈ രാജ്യത്തിന്റെ ഭാവി കിടക്കുന്നത് എന്ന് നിങ്ങൾ മനസിലാക്കണം. 100 കോടി ജനങ്ങളുടെ സ്വപ്നങ്ങളെ ജീവിക്കുന്ന യാഥാർത്ഥ്യമാക്കി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിനു പറ്റിയ സമയമാണിത്.

കൊവിഡാനന്തര കാലത്ത്, ഈ രാജ്യനിർമ്മാണത്തിനായി കേന്ദ്രീകൃത ശ്രദ്ധയോടെയുള്ള ഊർജ്ജിതമായ പ്രവർത്തനങ്ങളുണ്ടെന്ന് ഉറപ്പ് വരുത്തണം. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമിതാണ്, നമ്മൾ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. 'വികസിച്ചുകൊണ്ടിരിക്കുന്ന" എന്നാൽ, ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് - എന്നാണർത്ഥം. അതുകൊണ്ട്, ചെറുപ്പക്കാർ, പ്രത്യേകിച്ചും വരുന്ന ഈ രണ്ടു വർഷക്കാലം വെറുതെ ഒരു ജോലിക്കുവേണ്ടി കാത്തിരുന്നു, സമയം കളയരുത്. ആ മനോഭാവം മാറണം. നമ്മുടെ രാജ്യത്തുള്ള ഒരുപാടു പ്രശ്നങ്ങൾക്ക് എങ്ങനെ ഒരു പരിഹാരം കാണാമെന്ന് എല്ലാവരും ചിന്തിക്കണം. ആ പരിഹാരത്തിലൂടെ തന്നെ അവർക്ക് ഇവിടെ അതിജീവിക്കാനും, കൂടുതൽ വളരാനും രാജ്യത്തിനുവേണ്ടി വലിയ സാദ്ധ്യതകൾ സൃഷ്ടിക്കാനും കഴിയണം. ഭവ്യഭാരത നിർമ്മാണത്തിൽ, എല്ലാവർക്കും പങ്കുണ്ട്, പ്രത്യേകിച്ച്, ഈ രാജ്യത്തിലെ യുവജനങ്ങൾക്ക്.