
കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിന്റെ അമരക്കാരിയായി പി.ബീനയെ എൽ.ഡി.എഫ് ഒറ്റൂർ ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി മുൻ മെമ്പറായ പി.ബീന എൽ.സി മെമ്പർ, ആശാവർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം, ജനാധിപത്യമഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. 2010 - 15 കാലയളവിൽ ഒറ്റൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ഒറ്റൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്ന് മത്സരിച്ച് രണ്ടാം തവണയാണ് വിജയിക്കുന്നത്. ബി.ജെ.പി സിറ്റിംഗ് വാർഡ് തിരിച്ചുപിടിച്ചാണ് പി.ബീന വിജയം ഉറപ്പിച്ചത്. പഞ്ചായത്തംഗമായിരുന്നതിന്റെ പരിചയസമ്പത്ത് ഒറ്റൂരിന്റെ ഭരണ സാരഥ്യത്തിന് മുതൽക്കൂട്ടാവും. പി.ബീനയെ ഒറ്റൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചതായി സെക്രട്ടറി എൻ.മുരളീധരൻ അറിയിച്ചു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം വാർഡ് മെമ്പർ എൻ.ജയപ്രകാശിനെയും തീരുമാനിച്ചു. എൻ.ജയപ്രകാശ് ഒറ്റൂർ സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റും ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗവും ലോക്കൽ കമ്മിറ്റിയംഗവും ചേന്നൻകോട് ബ്രാഞ്ച് സെക്രട്ടറിയുമാണ്.