വാമനപുരം:നിയമ പോരാട്ടങ്ങൾക്കൊടുവിൽ നടന്ന വാമനപുരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. രാജീവ്. പി. നായർ (പ്രസിഡന്റ്), ഈട്ടിമൂട് മോഹനൻ(വൈസ് പ്രസിഡന്റ്) എന്നിവരടങ്ങിയ 13 അംഗ ഭരണസമിതിയാണ് അധികാരത്തിലെത്തുന്നത്.

മറ്റ് അംഗങ്ങൾ : എസ്. അനിൽ, ശോഭനത്തിൽ ജെ. ഗോപാലകൃഷ്ണൻ,ആർ. ദാസൻ,ടി. നാഗപ്പൻ, പി. മോഹൻദാസ്, ആർ. രാമചന്ദ്രൻ, എസ്. ഗോപാല കൃഷ്ണൻ നായർ, എ. പ്രഭകുമാരി, ഷീല മോഹൻദാസ്, സി.എസ്. സീന, എസ്. പുഷ്കരൻ.

സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്ന സർവീസ് സഹകരണ ബാങ്ക് 35 വർഷം മുമ്പ് യു.ഡി.എഫ് ഏറ്റെടുക്കുകയായിരുന്നു.യു.ഡി.എഫിന്റെ തുടർഭരണം ആയിരുന്നു പിന്നീട്. 2018 ൽ ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. തിരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുൻപ്, വോട്ടേഴ്‌സ് ലിസ്റ്റിൽ മരണപ്പെട്ടവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു സി.പി.എം, ജോ. രജിസ്ട്രാർക്ക് പരാതി നൽകി. തുടർന്ന് തിരഞ്ഞെടുപ്പ് നിറുത്തിവച്ചു. കാലാവധി പൂർത്തിയാക്കുന്നതിന് 15 ദിവസം മുൻപാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് നടക്കാതെ വരികയും ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുകയും ചെയ്തപ്പോൾ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. യു.ഡി.എഫ് പരാതി നൽകിയതിനെ തുടർന്ന് 2020 മാർച്ച് 15ന് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.