
കിളിമാനൂർ:സ്വകാര്യ വ്യക്തിയുടെ റബർ ഗോഡൗണിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 21 ടൺ റബർഷീറ്റ് കത്തിനശിച്ചു. കത്തിയമർന്ന ഗോഡൗണിനും റബർഷീറ്റിനുമായി ഒരു കോടിയിലേറെ രൂപ നഷ്ടം ഉണ്ടായതായാണ് കണക്ക്. കിളിമാനൂർ കുന്നുമ്മൽ തെക്കേ വിളയിലുള്ള താന്നിമൂട്ടിൽ റബേഴ്സിന്റെ സംഭരണ കേന്ദ്രത്തിലാണ് തീപിടിച്ചത്.കുന്നുമ്മൽ കല്യാണിഭവനിൽ ബി. റെജിയുടെ ഉടമസ്ഥതയിലുള്ളതാണ് സംഭരണകേന്ദ്രം.
എട്ട് അന്തർസംസ്ഥാന തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു.അവർ കിളിമാനൂർ പൊലീസിലും അഗ്നിരക്ഷാ നിലയത്തിലും വിവരമറിയിച്ചു. കടയ്ക്കൽ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, വർക്കല,കാട്ടാക്കട എന്നിവിടങ്ങളിൽ നിന്ന് ഏഴ് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 4500 ചതുരശ്രഅടി വിസ്തീർണമുള്ളതാണ് സംഭരണകേന്ദ്രവും പുകപ്പുരയും. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സംഭരണകേന്ദ്രം പൂർണമായി കത്തിനശിച്ചു. ഉള്ളിലെ റബർഷീറ്റിന് മുകളിലേക്ക് മേൽക്കൂര കത്തിയമർന്നതോടെ തീ പൂർണമായി അണയ്ക്കുന്നത് ശ്രമകരമായി തീർന്നു. ഉച്ചയ്ക്കും സംഭരണ കേന്ദ്രത്തിൽനിന്ന് പുക ഉയരുന്നുണ്ടായിരുന്നു. പുളിമാത്ത് ക്ഷേത്രക്കുളത്തിൽ നിന്നടക്കം നിരവധി തവണ വെള്ളമെടുത്ത് ഉച്ചയ്ക്കുശേഷമാണ് അഗ്നിരക്ഷാസേന തീ കെടുത്തിയത്. ആർ.എഫ്.ഒ ദിലീപൻ, ജില്ലാ ഫയർ ഓഫീസർ സുവി എന്നിവരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.