
തിരുവനന്തപുരം: വീടിനു പുറത്തു പോയിട്ടു വരുമ്പോൾ കൈയ്യും കാലും മുഖവും കഴുകിയതിനു ശേഷം മാത്രം അകത്തേക്കു പ്രവേശിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നുവെന്ന് മലയാളികളെ ഓർമ്മിക്കാൻ കൊവിഡ് അവതാരമെടുത്ത ആണ്ടാണ് ദേ ഇപ്പോൾ കൊഴിഞ്ഞു വീഴാൻ പോകുന്നത്. ആണ്ട് വീഴുമ്പോഴും അവതാരം പുതിയ വേഷമെടുത്തണിഞ്ഞ് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്.വില്ലനെ തുരത്താൻ കൊവിഡ് വാക്സിനും ഒരു സൂപ്പർഹീറോയായി പിറവിയെടുക്കുകയാണ്.
എന്തായാലും വന്ന പാടെ ഷൂസുപോലും ഊരാതെ വീട്ടിലേക്ക് കയറി കസേരയിലേക്ക് വീണ് റിമോട്ട് എടുത്ത് ടി.വി ഓണാക്കുന്ന ശരാശരി മലയാളി ചില ആരോഗ്യപാഠങ്ങൾ ഇപ്പോൾ പഠിച്ചു . ഒരോ പത്തുമിനിട്ടിലും കൈയ്യിൽ തേച്ചു പിടിപ്പിക്കാൻ സാനിട്ടൈസർ. അതും നല്ല പെർഫ്യൂം ഗന്ധമുള്ളത്. ബെൽറ്റിനോട് ചേർത്ത് സാനിട്ടൈസർ ക്ലിപ്പ് ചെയ്തിട്ട് മലയാളി നടന്നു. വിവാഹത്തിന് ആരും ക്ഷണിക്കാതെയായി. ക്ഷണിച്ചാലും കൊവിഡല്ലേ എന്ന് പറഞ്ഞ് നൈസായിട്ട് സ്കിപ്പാകാം. സോപ്പ്, മാസ്ക്, ഹാൻഡ് വാഷ്, സാനിട്ടൈസർ എന്നിവ വിൽക്കാൻ മാത്രമായി കടകൾ തുറന്നു.
ലോക്ക് ഡൗൺ കാലത്ത് ശരാശരി മദ്യാപാനികളെല്ലാം വാറ്റ് തേടി നടന്നു. വീടുകളിൽ വാറ്റിയും ചില വിരുതന്മാർ കുടിച്ചു.
പിന്നെ ആപ്പ് തേടി നടന്നു. ഒടുവിൽ ബാറുകളും തുറന്നു. ആണ്ടിനൊടുവിൽ നിയന്ത്രണങ്ങളയഞ്ഞു. വിവാഹത്തിന് ആഡംബരം തിരികെ വന്നു. നിരത്തുകളിൽ ഗതാഗതക്കുരുക്ക് പതിവായി.
കൊവിഡ് കാല മലയാള പദങ്ങൾ
മഹാമാരി,
സാമൂഹിക അകലം,
മുഖാവരണം,
ഇംഗ്ളീഷ് പദങ്ങൾ
ഐസെലേഷൻ,
ക്വാറന്റൈൻ,
സോഷ്യൽ ഡിസ്റ്റൻസിംഗ്,
പാൻഡമിക്,
ലോക്ക് ഡൗൺ,
റാപ്പിഡ് ടെസ്റ്റ് കിറ്റ്,
മാസ്‌ക്,
സാനിട്ടൈസർ,
ആന്റിജൻ ടെസ്റ്റ്,
ആർ.ടി.പി.സി.ആർ,
പി.പി.ഇ കിറ്റ്
സ്റ്റേ ഹോം,
ബ്രെയ്ക് ദ ചെയിൻ,
സ്റ്റേ സെയ്ഫ്
ഹോട്ട് സ്‌പോട്ട്,
കമ്മ്യൂണിറ്റി കിച്ചൻ,
വാത്മീകമെന്നും ഐസൊലേഷന് ഗൃഹാന്തരവാസമെന്നുമൊക്കെ മലയാളം പദം കണ്ടുപടിക്കപ്പെട്ടു.
ഏറ്റവും രസകരമായ മലയാളപദം ഉണ്ടായത് സാനിട്ടൈസറിനാണ് ഒരു ട്രോൾ വീഡിയോയിൽ പരിഭാഷ ഇങ്ങനെ 'അംഗുലീ മർദ്ദിത ദ്രാവക ബാഷ്പ സമഞ്ജ സ്വരൂപിത രോഗകൃമീ ശമനോപാധിത ഹസ്ത ക്ഷാളന ദ്രാവകം'
പേടിച്ച് വീട്ടിലൊളിച്ചിരുന്നാലും ട്രോളുകളിറക്കാൻ മലയാളിയെ പോയിട്ടേ ഉള്ളൂ. ഒരു സാമ്പിൾ:
'ഹലോ, ദേവസ്വം ബോർഡ് ഓഫീസ് അല്ലേ? ഞാൻ ഒരു ശയനപ്രദക്ഷിണം ഓൺലൈനിൽ ബുക്ക് ചെയ്തിരിക്കുന്നു. വീട്ടിൽ കിടന്ന് ഉരുണ്ടാൽ മതിയോ?