
*ഒരു ദിവസം ആയിരംപേർക്ക് ദർശനം
*പ്രവേശനം രാവിലെ 6 മുതൽ വൈകിട്ട് 6 വരെ
* അന്നദാനവും താമസസൗകര്യവുമില്ല
ശിവഗിരി: 88-ാമത് ശിവഗിരി തീർത്ഥാടനം ഇന്ന് തുടങ്ങും. തീർത്ഥാടനത്തിലെ സുപ്രധാന ദിവസങ്ങളാണ് ജനുവരി ഒന്നുവരെ. മുൻ വർഷങ്ങളിൽ വ്രതശുദ്ധിയോടെ ജനലക്ഷങ്ങൾ പീതാംബരധാരികളായി പങ്കെടുത്തിരുന്ന തീർത്ഥാടനം ഇത്തവണ വെർച്വലാണ്.
ഓരോ ദിവസവും മുൻകൂട്ടി ബുക്കു ചെയ്ത ആയിരം പേർക്കാണ് ദർശനത്തിന് സൗകര്യം. അന്നദാനവും താമസസൗകര്യവും ഉണ്ടാവില്ല.
തീർത്ഥാടക പ്രവാഹത്തിന് നിയന്ത്രണമുളളതിനാൽ ഗുരുവരുൾ പ്രകാരമുള്ള തീർത്ഥാടന സമ്മേളനങ്ങൾ ക്രിസ്മസ്ദിനം മുതൽ ഓൺലൈനായി നടന്നുവരികയാണ്. ശിവഗിരി ടി.വി യൂട്യൂബ് ചാനൽ വഴി ലോകമെമ്പാടുമുളള ഭക്തജനങ്ങൾ സമ്മേളനങ്ങളിൽ പങ്കുകൊണ്ടു. അതുവഴി, ആഗോള ഓൺലൈൻ തീർത്ഥാടനമായും വിശേഷിപ്പിക്കപ്പെട്ടു.
ഇന്ന് വെളുപ്പിന് ശാരദാമഠത്തിലും മഹാസമാധിയിലും സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക പൂജകൾക്കുശേഷം ഏഴു മണിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തും. 9 മണിക്ക് വ്യവസായ സമ്മേളനത്തിൽ തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഒഫ് എൻജിനീയറിംഗിലെ ഡോ.അരുൺ സുരേന്ദ്രൻ, ഹംഗ്രിലാബിന്റെ സ്ഥാപകനും സംരംഭകനുമായ ബിയാൻലി, ടെക്നോ പാർക്കിലെ റിട്ട.സി.എഫ്.ഒ കെ.സി.സി നായർ, മധുരൈ സാധനാ സ്കൂൾസ് ഡയറക്ടർ ഡോ.പി.നടനഗുരുനാഥൻ, പ്രയാണ ട്രെയിനോ പീഡിയയുടെ സ്ഥാപകൻ ചന്ദ്രവദന, എ.വി.എ ഗ്രൂപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടർ എ.വി.അനൂപ്, ആർകിടെക്ട് മഹേഷ്, പ്രൊഫ. കരുണാനന്ദൻ എന്നിവർ സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറയും.
2.30ന് കുട്ടികളുടെ സമ്മേളനത്തിൽ രാഹുൽ, ആദിദേവ്, നയന, കാർത്തിക, ഗോകുൽ എന്നിവർ സംസാരിക്കും. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതം പറയും.
ഓൺലൈനിലൂടെയാവും ഇത്തവണ ലോകമെമ്പാടും ശിവഗിരിഭക്തർ തീർത്ഥാടനത്തിന്റെ പുണ്യം നുകരുന്നത്. മഠത്തിലെ പ്രധാനപ്പെട്ട പൂജകളും കൊടിയേറ്റും പുതുവത്സരപൂജയും പ്രതിമാപ്രതിഷ്ഠാ വാർഷികപൂജയുമെല്ലാം തത്സമയം ശിവഗിരി ടി.വി വഴി ജനങ്ങളിലെത്തും.
ഇന്നലെ വൈകിട്ട് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നു ധർമ്മപതാകയും ചേർത്തല കളവംകോട് ക്ഷേത്രത്തിൽ നിന്നു കൊടിക്കയറും എത്തിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ധർമ്മപതാകയും കൊടിക്കയറും സ്വീകരിച്ചു.
തീർത്ഥാടനത്തിനൊരുങ്ങി ശിവഗിരിക്കുന്ന് - പേജ് 10