
സമൂഹത്തിന്റെ നവോത്ഥാനമണ്ഡലത്തിൽ മാനവികതയുടെയും ദാർശനികതയുടെയും തീർത്ഥം നിറയ്ക്കുന്ന അറിവിന്റെ തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം. 1928 ജനുവരി 16ന് കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ വച്ച് ആശയസംഗ്രഹമൊരുക്കി ഗുരുദേവ തൃപ്പാദങ്ങൾ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം മറ്റെല്ലാ തീർത്ഥാടനങ്ങളുടെയും ശൈലിയും രീതിയും സ്വഭാവവും പിന്തുടരാതെ ലോകത്തിന്റെ അഭ്യുദയത്തിന് ഉതകുംവിധം എങ്ങനെ ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കാമെന്ന അറിവാണ് നമുക്ക് പകർന്നു തരുന്നത്. ശിവഗിരി തീർത്ഥാടനം സുനിശ്ചിതമായ അറിവിന്റെ ബോദ്ധ്യത്തിലൂടെ ശരിയുടെ വലിയൊരാകാശമാണ് നമുക്ക് കാട്ടിത്തരുന്നത്.
സുനിശ്ചിതമായ അറിവില്ലാത്തിടത്തോളം ഒരാൾക്ക് ഒരിക്കലും സ്ഥിരവും ദൃഢവുമായ ഒരു മനസിനോ ബുദ്ധിക്കോ ഉടമയായിത്തീരാനാവില്ല. അവൻ തെറ്റിനെ തെറ്റുകൊണ്ടും ഭേദത്തെ ഭേദം കൊണ്ടും വീണ്ടും വീണ്ടും ശരിപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഗുരുദേവ തൃപ്പാദങ്ങൾ 'തെറ്റായ അറിവ് ഭേദബുദ്ധി സൃഷ്ടിക്കു"മെന്ന് നമ്മെ ഉപദേശിച്ചത്. ഇത്തരം ഭേദബുദ്ധിയിൽപ്പെട്ട് ശരി കാണാതെയലയുന്ന മനുഷ്യനെ ശരിയുടെ സ്ഥിരതയിലേക്കും ഉയരത്തിലേക്കും കൈപിടിച്ചാനയിക്കുന്ന ഈ ലോകത്തെ ഒരേയൊരു തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം. നമുക്ക് തെറ്റു പറ്റുമ്പോഴെല്ലാം യാതൊന്നാണോ ശരിയായിരിക്കുന്നത് ആ ശരിയിലേക്ക് നമ്മെ നയിക്കുന്ന തീർത്ഥാടനം ഇതല്ലാതെ മറ്റൊന്നില്ല. ആ അപൂർവതയെ അനുഭവമാക്കി പുതിയൊരു മനസും ബുദ്ധിയും അവബോധവും വന്ന മനുഷ്യനായി വേണം ഓരോ തീർത്ഥാടകനും മടങ്ങേണ്ടതെന്ന സങ്കല്പമാണ് തൃപ്പാദങ്ങൾക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞ കടമയുടെയും കർത്തവ്യബോധത്തിന്റെയും നേരുണർവിലൂടെ വേണം എല്ലാ തീർത്ഥാടകരും ശിവഗിരി തീർത്ഥാടനത്തിൽ പങ്കുകൊള്ളേണ്ടത്.
ഇക്കൊല്ലത്തെ 88-ാമത്തെ ശിവഗിരി തീർത്ഥാടനം പതിവിൽ നിന്നും വ്യത്യസ്തമായി ഒരു വെർച്വൽ പ്ളാറ്റ്‌ഫോമിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കൊറോണ എന്ന മാരകരോഗത്തിന്റെ പശ്ചാത്തലമാണ് അതിനു കാരണം. അതിനാൽ ശാരീരികാകലം പാലിച്ചുകൊണ്ടുള്ള തീർത്ഥാടകരുടെ ഹൃദയസംഗമത്തിനാണ് നമ്മളിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശരീരങ്ങൾ കൊണ്ട് അടുത്തിരിക്കുന്നവരുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലമില്ലാതാക്കാൻ ഒരുപക്ഷേ കാലം നിയോഗിച്ചതാവാം ഈ മഹാമാരിയെ. അതിനാൽ നമ്മുടെ ഹൃദയങ്ങളെ തമ്മിലകറ്റുന്ന ഭേദബുദ്ധികളെ മറികടക്കാൻ ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. ഭേദബുദ്ധി സൃഷ്ടിക്കുന്ന അറിവിന്റെ പരിമിതികളെ മറികടന്നു ശരിയായ അറിവിന്റെ ബോദ്ധ്യത്തിൽ നിന്നുകൊണ്ട് ജീവിതത്തെയും ലോകത്തെയും അഭിമുഖീകരിക്കാനും അറിയാനും കഴിയുമ്പോഴാണ് നമ്മുടെ ജീവിതം സാർത്ഥകമായിത്തീരുന്നത്. അതിനുള്ള വഴിയൊരുക്കലിനാണ് ഗുരുക്കന്മാർ സുനിശ്ചിതമായ അറിവിന്റെ പൊൻപാത്രങ്ങൾ നമുക്ക് തുറന്നുതന്നത്. എന്നാൽ നമ്മളാകട്ടെ അതു തുറക്കാതെ കേവലം ആഭരണത്തിന്റെ അലങ്കാരമെന്നപോലെ നമ്മുടെ പാണ്ഡിത്യത്തിനുമേൽ അണിയാനുള്ള ഒരാഭരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അനുഭവമാകാത്ത അറിവിന്റെയെല്ലാം സ്ഥിതി ഇതുതന്നെയാണ്.
ഒരു ചാക്ക് പഞ്ചസാര ചുമന്നതു കൊണ്ടോ പഞ്ചസാരയുടെ ഗുണഗണങ്ങൾ ശാസ്ത്രീയമായി നിർവചിക്കുന്ന പുസ്തകങ്ങൾ പഠിച്ചതുകൊണ്ടോ അതൊരറിവായി ശേഷിക്കുമെന്നല്ലാതെ അതൊരനുഭവമായിത്തീരുകയില്ല. എന്നാൽ അതിൽ നിന്നും ഒരു തരി പഞ്ചസാര നുണഞ്ഞു നോക്കുന്നവനാണ് അത് ഒരനുഭവമായിത്തീരുന്നത്. ഇങ്ങനെ അറിവിനെ അനുഭവമാക്കിത്തീർക്കാൻ നമുക്ക് സാധിക്കണം.
ഇല്ലെങ്കിൽ വെള്ളത്തിൽ കിടക്കുന്ന കല്ലുപോലെ അറിവും ജീവിതവും വേറെ വേറെ എന്ന ദ്വൈതനിലയിലേക്ക് നമ്മൾ അകപ്പെട്ടുപോകും.
മനുഷ്യനിൽ ഭേദബുദ്ധി സൃഷ്ടിക്കുന്ന ഈയൊരു വൈരുദ്ധ്യം കണ്ടറിഞ്ഞവരാണ് ഗുരുക്കന്മാർ. അതുകൊണ്ടാണ് ഗുരുദേവതൃപ്പാദങ്ങൾ തീർത്ഥാടനാനുമതി നൽകിയ വേളയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളായി വിദ്യാഭ്യാസം, ഈശ്വരഭക്തി, ശുചിത്വം, സംഘടന, കൃഷി, കൈത്തൊഴിൽ, കച്ചവടം, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടു വിഷയങ്ങളും കല്പിച്ചിട്ട് അതിലോരോന്നിലും വൈദഗ്ദ്ധ്യമുള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗിപ്പിക്കണമെന്നും, അത് അച്ചടക്കത്തോടെ ശ്രദ്ധിച്ചു കേൾക്കണമെന്നും, കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണമെന്നും ഉപദേശിച്ചത്.
അങ്ങനെ ശിവഗിരി തീർത്ഥാടനത്തിൽ നിന്നു കേൾക്കുന്ന അല്ലെങ്കിൽ അറിഞ്ഞ അറിവിനെ പ്രവൃത്തിയിൽ വരുത്തണമെന്ന ഗുരുപദേശത്തിന്റെ സാരമെന്നത് ആ അറിവിനെ നമ്മൾ അനുഭവമാക്കണമെന്നു തന്നെയാണ്. എന്തുകൊണ്ടെന്നാൽ ശരിയായ അറിവ് അനുഭവമാകുമ്പോഴാണ് മനുഷ്യനിൽ ആന്തരികമായ മാറ്റമുണ്ടാകുന്നത്. ആ മാറ്റം കൊണ്ടാണ് വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും ലോകത്തിനും അഭ്യുന്നതിയുണ്ടാകേണ്ടത്. എത്ര ശാസ്ത്രീയമായ വളർച്ചയുടെയും ഉയർച്ചയുടെയും ഉത്‌ക്കർഷത്തിന്റെയും കതിരുകളാണ് ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരുദേവൻ വിളയിപ്പിച്ചെടുക്കുന്നതെന്ന് നോക്കുക. ഇതാണ് വിശ്വമാനവികതയുടെ ഏറ്റവും മഹത്തായ ശിവഗിരി തീർത്ഥാടനത്തിന്റെ തത്ത്വശാസ്ത്രം.
ഇങ്ങനെയൊരു തത്ത്വശാസ്ത്രത്തെ പങ്കുവയ്ക്കുന്ന ഈ ലോകത്തെ ഏക തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം. ഈ ലോകത്തെ സമസ്ത മനുഷ്യരുടെയും ജീവിതത്തെ ശരിയുടെ അറിവനുഭവം കൊണ്ട് പ്രകാശിപ്പിക്കുകയെന്നതാണ്, സ്വതന്ത്രമാക്കുകയെന്നതാണ്, സമുദ്ധരിക്കുകയെന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ എക്കാലത്തെയും പ്രധാന ദൗത്യം. ഈ പ്രകാശ മഹിമ വിശ്വപൗരത്വബോധത്തിന്റെ നിസ്സീമമായ പ്രവാഹം കൂടിയാണ്.
ആ പ്രവാഹത്തിന്റെ ഊർജ്ജത്താൽ ഏത് വൈരുദ്ധ്യത്തെയും ഏത് മഹാമാരിയെയും ഏത് സ്ഥിതിഭേദങ്ങളെയും അതിജീവിക്കാനും അതിജീവനത്തിന്റെ പുതിയ സമസ്യകളെ പ്രയോഗിക്കാനും 88-ാമത് ശിവഗിരി തീർത്ഥാടനം വഴികാട്ടിയാവട്ടെയെന്നു പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ശിവഗിരി തീർത്ഥാടന - പുതുവത്സരാശംസകൾ.