
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനു കാത്തുനിൽക്കാതെ, മുനിസിഫ് കോടതിയുത്തരവിന്റെ ബലത്തിൽ പൊലീസ് നിർബന്ധിത കുടിയൊഴിപ്പിക്കൽ നടത്തുന്നതിനിടെ, ജീവൻ വെടിഞ്ഞ നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കൾക്കൊപ്പം നാടാകെ അണിനിരന്നു. അമ്മയുടെ മൃതദേഹവുമായെത്തിയ ആംബുലൻസ് നീതിതേടി പെരുവഴിയിൽ തടഞ്ഞിട്ടു. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും അയൽവാസി വസന്തയെ അറസ്റ്റ് ചെയ്യണമെന്നും കുട്ടികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് അമ്പിളിയുടെ മൃതദേഹം നാട്ടുകാർ തടഞ്ഞത്. മക്കളായ രാഹുലും രഞ്ജിത്തും ആംബുലൻസിന്റെ മുന്നിൽ റോഡിലിരുന്നു.
അവകാശത്തർക്കമുള്ളതിനാൽ ഞായറാഴ്ച രാജന്റെ മൃതദേഹം താമസസ്ഥലത്ത് സംസ്കരിക്കുന്നത് പൊലീസ് തടഞ്ഞപ്പോൾ, മകൻ രഞ്ജിത്ത് സ്വയം പിതാവിന് കുഴിമാടം വെട്ടിയിരുന്നു. ഇത് തടയാൻ ശ്രമിച്ച പൊലീസിനു നേർക്ക് കൈചൂണ്ടി, "നിങ്ങളെല്ലാവരും ചേർന്ന് കൊന്നതാണ് " എന്ന് രഞ്ജിത്ത് പറഞ്ഞ വാക്കുകൾ നാടിന്റെ നൊമ്പരമായതോടെ ഇന്നലെ അത് പ്രതിഷേധമായി ജ്വലിച്ചു.
നാലുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ വീട്ടിലെത്തി ചർച്ചനടത്തി. പൊലീസ്, റവന്യൂ റിപ്പോർട്ട് പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന കളക്ടറുടെ ഉറപ്പ് കുട്ടികൾ സ്വീകരിച്ചതോടെ രാത്രി എട്ടരയ്ക്ക് ഭർത്താവിന്റെ കുഴിമാടത്തിനരികെ അമ്പിളിയുടെ മൃതദേഹവും സംസ്കരിച്ചു.
അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് നാട്ടുകാർ സാക്ഷ്യംവഹിച്ചത്.
"എനിക്കിത് കാണാൻ വയ്യേ. ഇതിനാണോ വെള്ളം പോലും കുടിക്കാതെ ഞങ്ങൾ ഓടിയത്" എന്ന് പതിനേഴുകാരൻ മകൻ രഞ്ജിത്തിന്റെ വിലാപം കേട്ട് എല്ലാവരുടെയും കണ്ണുനിറഞ്ഞു.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത സർക്കാർ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് അറിയിക്കാൻ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് കേസുകൊടുത്ത അയൽവാസി വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ജനങ്ങൾ കൂട്ടത്തോടെ ആവശ്യപ്പെട്ടു. തുടർന്ന് വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ ഭീഷണിയുള്ളതിനാലാണിതെന്ന് പൊലീസ് അറിയിച്ചു.
നിർഭാഗ്യകരമായ സംഭവമാണിത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കും. റിപ്പോർട്ട് ഇന്നുതന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
-നവ്ജ്യോത് ഖോസ
ജില്ലാ കളക്ടർ
കേസ് ഇങ്ങനെ
ലക്ഷംവീട് കോളനിയിൽ രാജൻ താമസിച്ച ഭൂമി തന്റേതാണെന്നു കാട്ടി അയൽവാസി വസന്ത നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ ഹർജി നൽകി. പട്ടയരേഖയും ഹാജരാക്കി. വസ്തു ഒഴിയാൻ കോടതി ഉത്തരവിട്ടു. രണ്ടു മാസം മുൻപ് കോടതിയിൽനിന്ന് ഒഴിപ്പിക്കാൻ അധികൃതരെത്തിയെങ്കിലും രാജൻ വിസമ്മതിച്ചു. കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീട് ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് 22ന് ഒഴിപ്പിക്കാൻ ശ്രമിച്ചത്. പുറമ്പോക്ക് ഭൂമിയാണെന്നും വസന്ത വ്യാജ പട്ടയമുണ്ടാക്കിയെന്നും കോടതിയെ തെറ്രിദ്ധരിപ്പിച്ചാണ് ഒഴിപ്പിക്കൽ ഉത്തരവ് സമ്പാദിച്ചതെന്നുമാണ് രാജന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് അരമണിക്കൂറിനകം കിട്ടുമെന്ന് അറിയിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ല.
ചോറ് കഴിക്കാൻപോലും
അനുവദിച്ചില്ല
ഒഴിപ്പിക്കലിന് എത്തിയ പൊലീസ് വിളമ്പിവച്ചിരുന്ന ചോറ് കഴിക്കാൻ പോലും സമ്മതിച്ചില്ലെന്നാണ് രാജന്റെ മരണമൊഴി. എടുക്കേണ്ട സാധനങ്ങൾ എടുത്ത് പെട്ടെന്ന് ഇറങ്ങെടാന്ന് പൊലീസ് ആക്രോശിച്ചു. എനിക്കും മക്കൾക്കും മാനസിക രോഗിയായ ഭാര്യയ്ക്കും തലചായ്ക്കാൻ ഒരു ഇടമില്ലെന്ന ചിന്ത മനസിനെ ഉലച്ചു. അവളെയും ചേർത്ത് പെട്രോൾ ഒഴിച്ചു. ഇവർ ഇതുകണ്ട് മാറിപ്പോകുമെന്നാണു വിചാരിച്ചത്. എന്നാൽ പൊലീസുകാരൻ ഓടി വന്നു സിഗരറ്റു ലാമ്പ് തട്ടിത്തെറിപ്പിച്ചതാണ് തീ കത്താൻ കാരണം. ബാക്കിയൊന്നും എനിക്ക് ഓർമയില്ല.
കരുണയുടെ നിറകുടം
തെരുവിൽ അലഞ്ഞു തിരിയുന്നവർക്ക് രാജൻ രണ്ടുവർഷമായി സൗജന്യ ഭക്ഷണം നൽകുന്നുണ്ടായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം വീതമായിരുന്നു വിതരണം. ലോക്ക് ഡൗണായതോടെ ആഴ്ചയിൽ എല്ലാദിവസവും ഭക്ഷണംനൽകി. ആശാരിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന രാജൻ സ്വന്തം വരുമാനത്തിൽനിന്നു മിച്ചം പിടിച്ചാണ് ഭക്ഷണ വിതരണം നടത്തിയത്. രാജന്റെ ഭാര്യ അമ്പിളി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. അതിനാൽ അങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ചാണ് ഭക്ഷണം നൽകിയിരുന്നത്. ഭക്ഷണം കഴിച്ചു തീരുന്നതുവരെ അവർക്കൊപ്പം ചിലവഴിക്കാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു.
ആത്മഹത്യാശ്രമം തടയാനാണു ശ്രമിച്ചത്. ആ പൊലീസുകാരനും പൊള്ളലേറ്റു ചികിത്സയിലാണ്. പൊലീസിനു വീഴ്ചയുള്ളതായി കരുതുന്നില്ല.
എസ്. അനിൽകുമാർ
നെയ്യാറ്റിൻകര ഡിവൈ.എസ്.പി