
കർഷകർക്ക് ഗുണകരമാകുമെന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ കർഷകർ തന്നെ എതിർപ്പുമായി എത്തിയതിന്റെ ഒരു പ്രധാന കാരണം അവ പാസാക്കിയെടുത്തതിലെ ടൈമിംഗിൽ സംഭവിച്ച പാളിച്ചകളാണ്.
നോർമലായ സമയത്ത്, വലിയ മാറ്റങ്ങൾക്ക് നിമിത്തമാകുന്ന ഈ നിയമങ്ങൾ നിർമ്മിച്ച്, അവ നടപ്പിലാക്കുക എന്നത് ഏറെ ക്ലേശകരമാകുമെന്ന് അധികാരികൾക്ക് അറിയാവുന്നത് കൊണ്ടായിരിക്കണം മഹാമാരിയുടെ സമയം ദൗത്യനിർവഹണത്തിനുള്ള നല്ല മുഹൂർത്തമായി അവർ കണ്ടത്. പിന്നീട്, 'ശുഭസ്യശീഘ്രസ്യ" എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങിയത്. പക്ഷേ ധൃതിയിലുള്ള ഈ നീക്കത്തിൽ നഷ്ടമായത്, സുപ്രധാന ചട്ടങ്ങളുടെ നിർമ്മിതിയിൽ അനുഷ്ഠിക്കേണ്ടിയിരുന്ന ചില മുന്നൊരുക്കങ്ങളായിരുന്നു. ഉദ്യോഗസ്ഥരും മറ്റും ചേർന്ന് തയാറാക്കുന്ന ബില്ലുകളിൽ പ്രധാനപ്പെട്ടവയുടെ കരടു രൂപങ്ങൾ,സാധാരണയായി, ആദ്യം പാർലമെന്റിന്റെ ബന്ധപ്പെട്ട സമിതിക്ക് അയയ്ക്കുമായിരുന്നു. ഇക്കാര്യത്തിലും ആ പ്രവർത്തനരീതി പാലിച്ചിരുന്നെങ്കിൽ കർഷക സംഘടനകളും മറ്റുമായി നിയമനിർമ്മാണ സഭയുടെ സമിതിക്കു സംവദിക്കാമായിരുന്നു; ഒപ്പം വിദഗ്ദ്ധരുടെ അഭിപ്രായവും ആരായാമായിരുന്നു. ഉദ്യോഗസ്ഥരോട് വിശദീകരണവും ചോദിക്കാമായിരുന്നു. എന്നാൽ ഇത്തരം കൂടിയാലോചനകളും പരിശോധനകളും നടക്കാതെ പോയത് കാരണം ബില്ലിന്റെ ലക്ഷ്യത്തിൽ പ്രശ്നമില്ലെന്ന് കണ്ടാലും അതിന്റെ വിശദാംശങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചെകുത്താനെ കണ്ടെത്തി പുറത്താക്കാനും, അനിവാര്യമായ കാര്യങ്ങൾ കൂട്ടിച്ചേർക്കാനുമുള്ള അവസരം ഇല്ലാതായിപോയി. അതുപോലെതന്നെ കൃഷി, വ്യാപാരം എന്നിവ സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളായതുകൊണ്ടും, ഈ നിയമം നടപ്പാക്കുന്നതിന് അവരുടെ സഹകരണം ആവശ്യമാണെന്നുള്ളതുകൊണ്ടും, സംസ്ഥാനങ്ങളുമായുള്ള മുഖാമുഖത്തിനും പ്രസക്തി ഉണ്ടായിരുന്നു; പക്ഷേ അതും സംഭവിക്കാതെ പോയി. പാർലമെന്റിലും ചർച്ചയൊന്നും നടന്നില്ല.
പരിശോധനയുടെയും മെച്ചപ്പെടുത്തലിന്റെയും തലങ്ങൾ ചാടിക്കടന്നുകൊണ്ടുള്ള നിയമനിർമ്മാണമായതുകൊണ്ടുതന്നെ അതിലെ പല വകുപ്പുകളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ബാക്കിയായി .
സ്വഭാവികമായും കോവിഡ് കാലത്ത് എതിർപ്പിന് കനം വയ്ക്കുകയില്ലെന്ന ധാരണയുടെ നേരേ വിപരീത ദിശയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. കാർഷിക ഉത്പന്നങ്ങളുടെ നേരിട്ടുള്ള സംഭരണത്തിലും സംസ്കരണത്തിലും ചില്ലറ വിൽപ്പനയിലും തങ്ങൾ വൻതോതിൽ പ്രവേശിക്കുകയാണെന്നും അതിനായി വലിയ പശ്ചാത്തല സൗകര്യം ഒരുക്കുകയാണെന്നുമുള്ള അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ പ്രഖ്യാപനം വന്നത് ഈയിടെയായിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്നെയാണ് കാർഷിക ബില്ലുകൾ കൊണ്ടുവന്നതും നിയമമാക്കിയതും. ഈ സമയപൊരുത്തം കർഷകരിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കി. അദാനിയുടെയും അംബാനിയുടെയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് സമരത്തിലുള്ള കർഷകർ ആഹ്വാനം ചെയ്തതിന്റെ പൊരുളും മറ്റൊന്നല്ല. പുതിയ നിയമങ്ങളുടെ ടൈമിംഗിൽ വന്നുഭവിച്ച മറ്റൊരു പിഴവ് തികച്ചും വേദനാജനകമാകുന്നു. ഈ കോവിഡ് കാലത്ത് സമ്പദ് വ്യവസ്ഥയുടെ മറ്റെല്ലാ ഉത്പാദന മേഖലകളും ഉണങ്ങി വരണ്ടു പോയെങ്കിലും പച്ചത്തുരുത്തായി പിടിച്ചുനിന്നത് കാർഷികരംഗം മാത്രമായിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മൊത്തം ഉത്പാദനത്തിന്റെ വളർച്ചയുടെ നിരക്ക് പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവ് 23.9 ശതമാനത്തിലെ ത്തിയിരുന്നു. എന്നാൽ ഇതേ സമയം തന്നെ കാർഷിക മേഖല താഴേക്ക് പോയില്ലെന്ന് മാത്രമല്ല പോസിറ്റീവായ 3.4 ശതമാനം നിരക്കിൽ വളരുകയും ചെയ്തു. രണ്ടാംപാദമായ അടുത്ത മൂന്നു മാസങ്ങളിൽ മൊത്തം ഉത്പാദനത്തിലെ മാറ്റം നെഗറ്റീവ് 7.5 ശതമാനമായ സന്ദർഭത്തിലും കാർഷിക മേഖല പോസിറ്റീവായ 3. 4 ശതമാനം വളർച്ച തന്നെകാഴ്ചവച്ചു. അതായത് ആപത്ത് കാലത്ത് നാടിന്റെ രക്ഷകരായി തീർന്നവരാണ് കർഷകർ.
അതുകൊണ്ടുതന്നെ സമ്പത്ത് വ്യവസ്ഥയുടെ ഈ പ്രതിസന്ധിഘട്ടത്തിൽ കർഷകരെ അലോസരപ്പെടുത്തുന്ന നിയമം വന്നത് സമയോചിതമാകുന്നില്ല.
കാർഷിക നിയമങ്ങളിൽ ഉൾക്കൊള്ളിക്കാമായിരുന്ന ചില കാര്യങ്ങൾ വിട്ടു കളഞ്ഞത് പരിഹരിക്കേണ്ടതുമുണ്ട്. മിനിമം താങ്ങുവിലയുടെ കാര്യം തന്നെ പറയാം. ഇന്ത്യയുടെ കർഷക കുടുംബങ്ങളിൽ ആറ് ശതമാനം മാത്രമാണ് ഈ സമ്പ്രദായത്തിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. പ്രമുഖ വിളകളുടെ 70 ശതമാനത്തിലേറെയും തറവിലയിലൂടെ സംഭരിക്കപ്പെടുന്നത് പഞ്ചാബിലും ഹരിയാനയിലുമാണ്.
എന്നിരിക്കിലും താങ്ങുവിലയിലൂടെ ചെറിയതോതിൽ മാത്രം സംഭരണം നടക്കുന്ന സംസ്ഥാനങ്ങളിലെ കർഷകരും ഈ സമ്പ്രദായം നിയമം വഴി തുടരണമെന്ന അഭിപ്രായപ്പെടുന്നുണ്ട്. അതായത് മിനിമം താങ്ങുവിലയെ ഒരു രക്ഷാകവചമായിട്ടാണ് കർഷകർ കാണുന്നത്. യഥാർത്ഥത്തിലിത് ഒട്ടും ഭദ്രമല്ലാത്ത ഒരു ജീവിതാവസ്ഥയുടെ പ്രതിഫലനമാണ്. കർഷകരിൽ പലരും കാർഷികവൃത്തിയിൽ തുടരുന്നത് ഈ മേഖല കാര്യമായ ഗുണം നൽകുന്നത് കൊണ്ടല്ല, മറിച്ച് മറ്റ് ജോലികൾക്കുള്ള സാഹചര്യമില്ലാത്തതിനാലാണ്. 2002-2016 കാലഘട്ട ത്തിൽ ഒരു ശരാശരി കർഷക കുടുംബത്തിന്റെ പ്രതിശീർഷ വരുമാനത്തിലുണ്ടായ വർദ്ധനവ് 3.7 ശതമാനം മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ മൊത്തം ആളോഹരി വരുമാനത്തിലുണ്ടായ വർദ്ധനവ് ഇതിന്റെ ഇരട്ടിയായിരുന്നു. വലിയ അന്തരങ്ങളുടെ പശ്ചാത്തലത്തിൽ താങ്ങുവില എന്ന സുരക്ഷിതത്വത്തിന് നിയമപരിരക്ഷ നൽകുന്നതായിരിക്കും അവർക്കും നാടിനും ഗുണകരം.
മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഇപ്പോഴത്തെ നിയമങ്ങൾ തൽക്കാലത്തേക്ക് മരവിപ്പിച്ചു കൊണ്ടെങ്കിലും നമ്മുടെ കർഷക സഹോദരങ്ങളെ തിരിച്ചു കൃഷിയിടങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.