metro

പതിറ്റാണ്ടിലേറെയായി മെട്രോ യാത്ര സ്വപ്നം കാണുന്ന തിരുവനന്തപുരം, കോഴിക്കോട് നഗരവാസികൾക്ക് ആഹ്ലാദം പകരുന്ന പ്രഖ്യാപനമാണ് തിങ്കളാഴ്ച ഡൽഹിയിൽ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. 2025- ഓടെ രാജ്യത്തെ 25 നഗരങ്ങളിൽ മെട്രോ സർവീസ് എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ കൊച്ചി ഉൾപ്പെടെ പത്തു നഗരങ്ങളിലാണ് നിലവിൽ മെട്രോ സർവീസ് ഉള്ളത്. പുതുതായി സർവീസ് ആരംഭിക്കാനിരിക്കുന്ന നഗരങ്ങളിൽ തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പെടണമെങ്കിൽ കെടുകാര്യസ്ഥത പൂർണമായും വെടിഞ്ഞ് സംസ്ഥാന സർക്കാർ ഊർജ്ജസ്വലതയോടെ മുന്നോട്ടുവരേണ്ടതുണ്ട്. ആഞ്ഞുപിടിച്ചിരുന്നുവെങ്കിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ഇതിനകം ലൈറ്റ് മെട്രോ സർവീസ് പ്രവർത്തിച്ചു തുടങ്ങേണ്ടതായിരുന്നു. കടലാസ് പണികളെല്ലാം തീർത്ത് ഒരുപാടു മുന്നോട്ടു പോയതാണ്. പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ വിദേശത്തുള്ള വായ്‌പാ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുകയും ചെയ്തു. തിരുവനന്തപുരം ലൈറ്റ് മെട്രോയ്‌ക്കാവശ്യമായ ബോഗികൾ വാങ്ങുന്നതു സംബന്ധിച്ച് ഫ്രഞ്ച് കമ്പനിയുമായി ധാരണയിൽ വരെ എത്തി. ഉദ്യോഗസ്ഥ പ്രമുഖരും രാഷ്ട്രീയ നേതൃത്വങ്ങളുമെല്ലാം ചേർന്ന് രാജ്യത്തിന്റെ മെട്രോമാനായ ഇ. ശ്രീധരനെ പുകച്ചു പുറത്ത് ചാടിച്ചില്ലായിരുന്നെങ്കിൽ ഇതിനകം പണി തുടങ്ങുകയോ പാതിഘട്ടമെങ്കിലും പിന്നിടുകയോ ചെയ്യുമായിരുന്നു. കേരളത്തിന്റെ കാലക്കേട് എന്നു മാത്രമേ പറയാനുള്ളൂ.

തിരക്കേറിയ നഗരയാത്രകൾ സുഗമമാക്കാനുള്ള ഉപാധികളിലൊന്നാണ് മെട്രോ റെയിൽ പാതകൾ. ഒരു തടസവുമില്ലാത്ത നിശ്ചിത സമയം കൊണ്ട് ലക്ഷ്യത്തിലെത്താൻ ഇതുപോലെ സൗകര്യപ്രദമായ ഒരു യാത്രാ മാർഗമില്ല. ലോകത്തെല്ലായിടത്തും നിത്യയാത്രക്കാരുടെ ആശ്രയമായ മെട്രോ നഗരങ്ങളുടെ പ്രധാന യാത്രാ ധമനികളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രാജ്യത്ത് പത്ത് നഗരങ്ങളിൽ മെട്രോ ട്രെയിൻ വന്നുകഴിഞ്ഞു. എല്ലായിടത്തുമായി എഴുന്നൂറോളം കിലോമീറ്ററിലേ മെട്രോ സർവീസ് എത്തിയിട്ടുള്ളൂ എന്നത് വലിയ പോരായ്മയായി ശേഷിക്കുകയാണ്. അടുത്ത അഞ്ചുകൊല്ലത്തിനകം മെട്രോ സർവീസ് 1000 കിലോമീറ്ററിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ തന്നെ പലതരത്തിലുണ്ട്. ലൈറ്റ് മെട്രോ, നിയോ മെട്രോ എന്നിങ്ങനെ പേരുകളിലറിയപ്പെടുന്ന യാത്രാസംവിധാനങ്ങൾ ജനസംഖ്യ കുറഞ്ഞ നഗരങ്ങൾക്കു വേണ്ടിയുള്ളതാണ്. സാധാരണ മെട്രോയെ അപേക്ഷിച്ച് ഇവയ്ക്ക് ചെലവും കുറവായിരിക്കും. എട്ടുവർഷത്തിലേറെ ആലോചന നടക്കുന്നതാണ് തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും മെട്രോ പദ്ധതികൾ. തടസവാദങ്ങളും വിവാദങ്ങളുമൊക്കെയായി വർഷങ്ങൾ കടന്നുപോയതല്ലാതെ ക്രിയാത്മകമായി ഒന്നും നടന്നില്ല.

നഗരങ്ങളിലെ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സർവീസുകൾ വ്യാപിപ്പിക്കാനുള്ള കേന്ദ്ര നയത്തിന്റെ ഗുണഫലം കേരളത്തിനും അനുഭവവേദ്യമാകണമെങ്കിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ. ടെക്നോസിറ്റി മുതൽ കരമന വരെ 22 കിലോമീറ്റർ ദൈർഘ്യത്തിൽ ലൈറ്റ് മെട്രോയുടെ ഒന്നാംഘട്ടത്തിന് 4219 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 12 കിലോമീറ്ററിലാണ് ഒന്നാംഘട്ടം. ചെലവിന്റെ നാല്പത് ശതമാനം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടാനായിരുന്നു ധാരണ. ശേഷിക്കുന്ന 60 ശതമാനം വിദേശ വായ്‌പ ഇനത്തിലാണ്. അന്നത്തെ എസ്റ്റിമേറ്റ് പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് പുതുക്കേണ്ടിവരും. എന്നിരുന്നാലും രണ്ടിടത്തെയും മെട്രോകൾക്കായി പതിനായിരം കോടിയിലധികം വേണ്ടിവരികയില്ലെന്നു കരുതാം. മൂന്നോ നാലോ വർഷം കൊണ്ടേ പദ്ധതി പൂർത്തിയാവുകയുള്ളൂ എന്നതിനാൽ ഈ തുക സർക്കാരിനു കണ്ടെത്താവുന്നതേയുള്ളൂ. മെട്രോ പദ്ധതി പ്രാവർത്തികമാക്കാനുള്ള ദൃഢനിശ്ചയവും അർപ്പണബോധവുമാണ് സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. യാത്രക്കാർ കുറവായതിനാൽ മെട്രോകൾ വൻ നഷ്ടത്തിലാകുമെന്നാണ് ദോഷൈകദൃക്കുകളുടെ വാദം. എന്നാൽ ഏതു വലിയ നഗരത്തിലും മെട്രോ സർവീസ് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലാഭം മാത്രം നോക്കിയിരുന്നെങ്കിൽ ഇതിനകം അടച്ചുപൂട്ടേണ്ടിയിരുന്ന എത്രയെത്ര സ്ഥാപനങ്ങളാണ് സർക്കാരിനു കീഴിലുള്ളത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സി തന്നെയല്ലേ ഇവയിൽ പ്രഥമ സ്ഥാനത്തു വരുന്നത്.

ഡൽഹിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ സർവീസ് രാജ്യം കൈവരിച്ച സാങ്കേതിക പുരോഗതിയുടെ ഉത്തമ മാതൃക തന്നെയാണ്. ജനക്പുരിയിൽ നിന്ന് ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 38 കിലോമീറ്റർ റൂട്ടിലാണ് ഡ്രൈവറില്ലാ മെട്രോ ഓടുന്നത്. തുടക്കത്തിൽ ഒരാൾ ക്യാബിനിൽ ഉണ്ടാകുമെങ്കിലും പിന്നീട് പൂർണമായും ഡ്രൈവറില്ലാതെ തന്നെ സ്വയം നിയന്ത്രിതമായിട്ടാകും മെട്രോ ഓടുക. പുതിയ മെട്രോ സർവീസിനൊപ്പം ഒറ്റ കാർഡിൽ എവിടെയും സഞ്ചരിക്കാവുന്ന യാത്രാകാർഡും പ്രധാനമന്ത്രി പുറത്തിറക്കുകയുണ്ടായി.

റോഡ്, റെയിൽ യാത്രക്കാർക്കും ടോൾ നൽകാനും പാർക്കിംഗിനും മാത്രമല്ല കടകളിൽ ബില്ലടയ്ക്കാനും ഉതകുന്നതാണ് ഈ യാത്രാകാർഡ്.

ഗതാഗത മേഖലയിൽ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരണമായി കേരളവും മാറേണ്ടത് ആവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രധാന ഘടകമായ പാത വികസനത്തോടൊപ്പം പുതിയ യാത്രാമാർഗങ്ങൾ കൊണ്ടുവരുന്നതിലും ശുഷ്കാന്തിയും ഉത്സാഹവും കാണിക്കണം. ഏറ്റവും ഒടുവിൽ മാറ്റങ്ങൾ എത്തുന്ന ഇടമായി സംസ്ഥാനം നിലകൊള്ളരുത്. മെട്രോ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ പുതിയ നിലപാട് അനുകൂലമാക്കിയെടുക്കാൻ ആവശ്യമായ നീക്കങ്ങൾ ഇപ്പോഴേ തുടങ്ങണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ ആയിരം കിലോമീറ്റർ മെട്രോ പദ്ധതിയിൽ തീർച്ചയായും തിരുവനന്തപുരവും കോഴിക്കോടും സ്ഥാനംപിടിക്കുമെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്.