
നെയ്യാറ്റിൻകര: പൊലീസിന്റെ കുടിയൊഴിപ്പിക്കലിനിടെ, ഭർത്താവ് രാജനൊപ്പം പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും രാജന്റെ സഹോദരി റാണിയുടെയും അമ്മ തുളസിയുടെയും ദുഃഖം താങ്ങാനാവാതെയുള്ള നിലവിളി നാടിന്റെയും നൊമ്പരമായി. അവണാകുഴി നെട്ടത്തോട്ടം കോളനിയിൽ അമ്പിളിയുടെ (42) മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാലരയോടെയാണ് വീട്ടിലെത്തിച്ചത്. രാജന്റെ മൃദേഹം സംസ്കരിച്ചതിനു സമീപത്തായിരുന്നു അമ്പിളിയുടെയും സംസ്കാരം.
നാട്ടുകാർ അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു സമരം ചെയ്തത് മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
രാജന്റെ കുടുംബത്തിനെതിരായി പരാതി നൽകിയ വസന്തയെ അറസ്റ്റ് ചെയ്യുക, മക്കളായ രാഹുൽ രാജനും രഞ്ജിത് രാജനും സർക്കാർ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പിന്നീട്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വിനോദ് കോട്ടുകാലിന്റെ നേതൃത്വത്തിൽ സമരക്കാർ പോങ്ങിൽ ജംഗ്ഷനിലേക്ക് നീങ്ങി. ജില്ലാ കളക്ടർ എത്തിയപ്പോൾ മക്കളായ രാഹുൽ രാജനും രഞ്ജിത്ത് രാജനും എഴുതിത്തയ്യാറാക്കിയ നിവേദനം നൽകി. കേസിനാസ്പദമായ വസ്തു തങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുക, കുറ്റവാളികളായ എതിർകക്ഷി വസന്ത, ഗ്രേഡ് എസ്.ഐ അനിൽകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. അനുഭാവപൂർവം പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് അമ്പിളിയുടെ മൃതദേഹം സംസ്കരിക്കാൻ നാട്ടുകാർ അനുവദിച്ചത്.
മന്ത്രി കടകംപളളി സുരേന്ദ്രൻ, എം.എൽ.എമാരായ കെ.ആൻസലൻ,എം. വിൻസെന്റ് , കെ.എസ്. ശബരിനാഥൻ, വി.എസ്. ശിവകുമാർ, നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ, സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പൻ, എ.എ. റഹീം, ബാലമുരളി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ ആർ. സെൽവരാജ്, വെൺപകൽ അവനീന്ദ്രകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, ബി.ജെ.പി നേതാക്കളായ പുഞ്ചക്കരി സുരേന്ദ്രൻ, സുരേഷ് തമ്പി, ആർ. രാജേഷ്, അരംഗമുഗൾ സുരേഷ് തുടങ്ങിയവർ രാജന്റെ വീട് സന്ദർശിച്ചു.