waste

വർക്കല: പാപനാശം കുന്നിന്റെ ഓരങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ, പഴയ വസ്ത്രങ്ങൾ, തുകൽ, മദ്യകുപ്പികൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവ ഇവിടെ വ്യാപകമായ തോതിൽ കൊണ്ടുവന്നു തള്ളുകയാണ്.

മാലിന്യം അടിഞ്ഞുകൂടുന്നത് മൂലം തീരത്ത് ദുർഗന്ധവും വമിക്കുന്നുണ്ട്. കുന്നുകളിൽ നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങൾ കുന്നിൻ ചരുവിലെ പാറക്കൂട്ടങ്ങളിലും കുറ്റിക്കാടിനുമിടയിൽ വീണ് അഴുകി ജീർണിച്ച് അസഹ്യമായ ദുർഗന്ധവും നീരുറവകൾ മലിനമാകുന്നതും പതിവാണ്.

ഇരുട്ടിന്റെ മറവിൽ ചിലർ മാലിന്യങ്ങൾ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കൊണ്ടുവന്ന് തള്ളുകയാണ്. കൂടാതെ കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളിൽ നിന്നുള്ള സെപ്റ്റിക് മാലിന്യങ്ങൾ തീരത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. കുന്നിന്റെ അഗ്ര ഭാഗങ്ങളിൽ പൈപ്പും ഹോസും സ്ഥാപിച്ചാണ് സെപ്റ്റിക് മാലിന്യങ്ങൾ ബീച്ചിലേക്ക് ഒഴുക്കിവിടുന്നത്.

പാപനാശത്ത് ഇട റോഡിലെ മാലിന്യങ്ങൾ ശേഖരിക്കാൻ നഗരസഭ തയ്യാറാകണമെന്നാവശ്യവും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വർഷങ്ങളായി തുടരുന്ന മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ല. ടൂറിസം വകുപ്പും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പൊതുവേയുള്ള പരാതി.

സന്നദ്ധ സംഘടനകളും പ്രകൃതിസ്നേഹികളും വല്ലപ്പോഴും കുന്നിൻ ചരുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ടെങ്കിലും വീണ്ടും മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നതിന് കുറവുണ്ടാകുന്നില്ല.