
തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശങ്ങളുള്ള സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും മുമ്പ് പരസ്യപ്പെടുത്തിയതിന് വി.ഡി. സതീശൻ എം.എൽ.എ നൽകിയ അവകാശലംഘന പരാതിയിൽ മന്ത്രി തോമസ് ഐസക്കിനെ എ. പ്രദീപ് കുമാർ അദ്ധ്യക്ഷനായ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി രണ്ട് മണിക്കൂറോളം വിസ്തരിച്ചു.
സഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നും സഭയ്‌ക്ക് പുറത്ത് കാര്യങ്ങൾ വെളിപ്പെടുത്തിയത് അറിഞ്ഞുകൊണ്ടാണെന്നും സമിതിയോട് വ്യക്തമാക്കിയ മന്ത്രി തന്റെ വാദങ്ങൾ സാധൂകരിക്കുന്ന രേഖകളും കൈമാറി. പ്രിവിലേജസ് കമ്മിറ്റി മുമ്പാകെ ഒരു മന്ത്രിക്ക് ഹാജരാകേണ്ടിവരുന്നത് ആദ്യമാണ്.
ജനുവരി എട്ടിന് സമിതി വീണ്ടും ചേരും. മറ്റാരുടെയെങ്കിലും വിശദീകരണം ആവശ്യമെങ്കിൽ അതും തേടിയിട്ടാകും സമിതി റിപ്പോർട്ട് സഭയിൽ സമർപ്പിക്കുക. എട്ടിന് ആരംഭിക്കുന്ന സഭയുടെ അവസാന സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും.
അസാധാരണ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിസന്ധി മറികടക്കാൻ മറ്റ് വഴി ഇല്ലാത്തതിനാലാണ് താൻ കാര്യങ്ങൾ പുറത്ത് പറഞ്ഞതെന്ന് മന്ത്രി സമിതിയോട് വിശദീകരിച്ചു. നിയമസഭയിൽ വയ്‌ക്കും മുമ്പ് റിപ്പോർട്ട് പുറത്തുവിടുന്നത് സഭയോടുള്ള അവഹേളനവും ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനവും അതുവഴി സത്യപ്രതിജ്ഞയുടെയും ഭരണഘടനയുടെയും ലംഘനവുമാണെന്ന സതീശന്റെ വാദത്തെക്കുറിച്ച് സമിതിയംഗങ്ങൾ ചോദിച്ചു. മുമ്പാരും റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടില്ലെന്നതും ശ്രദ്ധയിൽ പെടുത്തി. കരട് റിപ്പോർട്ടാണ് ആദ്യം ലഭിച്ചതെന്നും അതിലെ ശുപാർശകളിൽ സെക്രട്ടറിതല ചർച്ച നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചതെന്നും മന്ത്രി അറിയിച്ചു. ഒരു മന്ത്രി നിയമം ലംഘിക്കുമ്പോൾ മറ്റ് മന്ത്രിമാരും ഇതൊരു കീഴ്‌വഴക്കമായി സ്വീകരിക്കില്ലേ എന്ന ചോദ്യത്തിന് അങ്ങനെയുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സി.എ.ജി റിപ്പോർട്ടിൽ ചേർക്കുന്നതിന് മുമ്പ് സർക്കാരുമായി ചർച്ച നടത്തിയിട്ടില്ല. ഓഡിറ്റിംഗ് സംബന്ധിച്ച സി.എ.ജിയുടെ മാർഗരേഖയ്ക്ക് തന്നെ വിരുദ്ധമാണിതെന്നാണ് ഐസക്കിന്റെ വാദം.
പുറത്തുവിട്ടത് ജനം ചർച്ച ചെയ്യാൻ: ഐസക്
സി.എ.ജിയുടെ നിലപാട് ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്ന് കരുതിയാണ് ചില ഭാഗങ്ങൾ പുറത്തുവിട്ടതെന്ന് മന്ത്രി തോമസ് ഐസക് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ നിലപാടിൽ മാറ്റമില്ല. അവകാശലംഘനത്തിന്റെ പ്രശ്നമില്ല. സമിതി എന്ത് നിലപാടെടുത്താലും അംഗീകരിക്കും.