ramesh-chennithala

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂർ നെടുന്തോട്ടം ലക്ഷംവീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റമുറി വീട്‌വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദമ്പതികൾ തീ പിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ദാരുണ സംഭവമുണ്ടായത് പൊലീസിന്റെ ദുർവാശിയും ധിക്കാരവും കാരണമാണ്. കുടിയൊഴിപ്പിക്കലിന്റെ പേരിൽ പൊലീസ് നടത്തിയത് നരഹത്യയാണ്. അര മണിക്കൂർ കാത്തിരുന്നാൽ അനുകൂലവിധിയുണ്ടാകുമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അത് വകവയ്ക്കാതെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിന്റെ മുന്നിൽ നിന്നും കുടുംബത്തെ വലിച്ചിറക്കാനാണ് പൊലീസ് ശ്രമിച്ചത്.
കുറ്റക്കാരായ പൊലീസുദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണം. അമ്മയും അച്ഛനും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. ഈ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇവരുടെ മൂത്ത മകൻ രാഹുൽ രാജുമായി ചെന്നിത്തല ഫോണിൽ സംസാരിച്ച് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. ക്വാറന്റൈൻ കഴിഞ്ഞാൽ ഇവരുടെ വീട് സന്ദർശിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.