alapuzha

കൊവിഡിനെ ആദ്യഘട്ടത്തിൽ എങ്ങനെയാണ് നേരിട്ടത് ?

കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് തുടക്കംമുതൽ കാര്യങ്ങൾ നിയന്ത്രിച്ചത്. പരിശോധനയുടെ കാര്യത്തിൽ ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതിയാണ് ശരിയെന്ന്‌ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ആദ്യ ഘട്ടത്തിൽ മൂന്നുപേർ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. മൂന്നുപേരും മറ്റ് നിരവധി അനുബന്ധരോഗങ്ങളുള്ളവരായിരുന്നു. കൂടുതൽ വ്യാപനം ഉണ്ടാകുകയാണെങ്കിൽ അതിന് ആനുപാതികമായി ടെസ്റ്റിന്റെ എണ്ണം കൂടുതൽ വർദ്ധിപ്പിക്കുന്നതിനും ക്വാറന്റൈൻ നടപടികൾ ശക്തമാക്കുന്നതിനും സംസ്ഥാനം തയ്യാറെടുത്തു. കേരളത്തിൽ നടപ്പിലാക്കിയ ഹോം ക്വാറന്റൈൻ തുടക്കത്തിൽ പലരുടെയും വിമർശനത്തിന് കാരണമായി. സ്ഥാപനത്തിൽ ഒരുമിച്ച് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചെയ്യുന്നതിനെക്കാൾ വീട്ടിലെ നിരീക്ഷണം ശക്തപ്പെടുത്തുന്നതാണ് നല്ലതെന്ന്‌ കേന്ദ്രവും ഐ.സി.എം ആറും പിന്നീട് അംഗീകരിച്ചു. ബ്രേക്ക് ദ ചെയിൻ ഉൾപ്പെടെയുള്ള ജനകീയ പ്രതിരോധം ഫലംകണ്ടു.

ഇപ്പോൾ എങ്ങനെ നേരിടുന്നു?

കൊവിഡ് രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്ത കേരളത്തിൽ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണവിധേയമാണെന്നത് അഭിമാനാർഹമായ നേട്ടമാണ്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും കൊവിഡ് മരണങ്ങൾ പതിനായിരം കടന്നെങ്കിലും കേരളത്തിൽ ഇപ്പോഴും മൂവായിരത്തിൽ താഴെ നിറുത്താനായെന്നത് ആശ്വാസകരമാണ്. വലിയൊരു ഉയർച്ചയ്ക്ക് ശേഷം രോഗവ്യാപനത്തെ പിടിച്ചുനിറുത്താനായി. രോഗബാധിതർക്കെല്ലാം ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ ലഭ്യമാക്കി. ലക്ഷണമുള്ളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ഓണത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണത്തിൽ വലിയൊരു വർദ്ധന ഉണ്ടായത്. ഒക്ടോബ‌ർ 10ന് രോഗബാധിതർ 11755 ആയി ഉയർന്നു. തുടർന്ന് ഗ്രാഫ് താഴ്ത്തികൊണ്ടുവരാനായി. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞതുപോലെ വീണ്ടും കൊവിഡ് വ്യാപനം കൂടി വരികയാണ്.

നാളത്തേക്കായി കരുതൽ?

ജനിതകമാറ്രം വന്ന കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹര്യത്തിൽ അതീവജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. പ്രായം ചെന്നവരുടെയും മറ്റ് അസുഖമുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തും. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി. എയർപോട്ടിനോടനുബന്ധിച്ചുള്ള കൊവിഡ് പരിശോധനാ സംവിധാനം കാര്യക്ഷമമാക്കി. നാല് എയർപോർട്ടുകൾ കേന്ദ്രീകരിച്ചും കിയോസ്‌കുകൾ ആരംഭിച്ചു. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കൊവിഡ് പരിശോധന ശക്തമാക്കി. യു.കെയിൽ നിന്നും മറ്റേതെങ്കിലും രാജ്യങ്ങൾ വഴിയും വരുന്നവരെ കണ്ടെത്താൻ സർവൈലൻസ് സംവിധാനം ഒരുക്കി. അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരുന്നു. മരുന്നുകൾ,സുരക്ഷാ ഉപകരണങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.