dd

കൊല്ലം: കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. മുളവന തെക്കേടത്ത് വിളയിൽ രതീഷ് (36), മുളവന കോയിക്കൽശേരി വീട്ടിൽ മണികണ്ഠൻ (34) എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് മുളവന എയർപോർട്ട് എന്നറിയപ്പെടുന്ന വിജനമായ കോഴി ഫാം കേന്ദ്രീകരിച്ച് കച്ചവടം നടത്തുകയായിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ പാർട്ടികൾക്കായി കഞ്ചാവ് സംഭരിച്ച് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്.പ്രതികളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ്, ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് വിറ്റുകിട്ടിയ പണം എന്നിവ പിടിച്ചെടുത്തു. ഈ സീസണിൽ 35 കിലോയോളം കഞ്ചാവ് വിറ്റതായി പ്രതികൾ വെളിപ്പെടുത്തിയെന്ന് എക്സെെസ് ഉദ്യോഗസ്ഥർ അറിയിച്ചു.എക്സൈസ് അസി. കമ്മിഷണർ ബി. സുരേഷ്, ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, അസി. ഇൻസ്പെക്ടർ ഡി.എസ്. മനോജ് കുമാർ, ഷാഡോ ടീം അംഗങ്ങളായ ടി. വിഷ്ണുരാജ്, റോബിൻ ഫ്രാൻസിസ്, രാഹുൽ രാജ്, സഫേഴ്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.