തിരുവനന്തപുരം: കൊച്ചുവേളിയിലെ മാലിന്യം തള്ളൽ അവസാനിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് വ്യവസായികൾ ആവശ്യപ്പെട്ടു. പകൽ സമയത്തും രാത്രിയിലും ലോഡ് കണക്കിന് മാലിന്യമാണ് കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ ഉപേക്ഷിക്കുന്നത്. നിരവധി തവണ പരാതിപ്പെട്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാൻ പൊലീസിനോ അധികൃതർക്കോ സാധിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ബിൽഡിംഗ് അവശിഷ്ടവുമായി എത്തിയ ടിപ്പർ ലോറി വ്യവസായികൾ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. വലിയതുറ പൊലീസ് സ്ഥലത്തെത്തി ടിപ്പർ ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. വാഹന ഉടമയ്‌ക്കും ഡ്രൈവർക്കുമെതിരെ കൊച്ചുവേളി എം.എസ്.എം.ഇ അസോസിയേഷൻ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിറ്റേദിവസം തന്നെ വാഹനം വിട്ടയയ്ക്കുകയാണ് ചെയ്‌തതെന്ന് ഭാരവാഹികൾ ആരോപിക്കുന്നു. ബിൽഡിംഗ് അവശിഷ്ടങ്ങളും ഇറച്ചി മാലിന്യങ്ങളുമാണ് പ്രവർത്തനം നിലച്ച സ്ഥാപനങ്ങൾക്ക് പരിസരത്തും റോഡരികിലുമായി തള്ളുന്നത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് സി.സി ടിവി കാമറകൾ ഉണ്ടെങ്കിലും വാഹനങ്ങൾ നമ്പ‌ർ പ്ലേറ്റ് മറച്ചെത്തുന്നതിനാൽ തിരിച്ചറിയാൻ സാധിക്കില്ല. സ്ഥാപനങ്ങൾക്ക് മുമ്പിൽ തെരുവ് വിളക്കുകളില്ലാത്തതും മാലിന്യം തള്ളാനെത്തുന്നവർക്ക് സഹായകരമാകുന്നെന്നാണ് പരാതി. 120 ഏക്കർ വിസ്‌തൃതിയുള്ള എസ്റ്റേറ്റിൽ നിലവിൽ ചെറുതും വലുതുമായ 120ഓളം വ്യവസായ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. സാധാരണ ഒറ്റ പ്രവേശന കവാടം മാത്രമാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്ക് ഉണ്ടാവുക. എന്നാൽ കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവേശിക്കാൻ 13 റോഡുകളുണ്ട്. ഇത്രയും റോഡുകളുള്ളതിനാൽ മാലിന്യം തള്ളാനെത്തുന്നവരെ കണ്ടെത്താനും ബുദ്ധിമുട്ടാണെന്ന് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ ഐ.എ, ജനറൽ സെക്രട്ടറി അബ്രഹാം സി. ജേക്കബ് എന്നിവർ പറഞ്ഞു.