
തിരുവനന്തപുരം: ഡൽഹി കർഷക പ്രക്ഷോഭം ഒത്തുതീർക്കാൻ ഇടപെടുക, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തി ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കൾ മാത്രമാവും സംസാരിക്കുക. ഒരു മണിക്കൂർ നേരത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും, എല്ലാ നേതാക്കളും സംസാരിച്ച് തീരുന്നത് വരെ സമ്മേളനം തുടരും.
കൗതുകം കേരള
കോൺഗ്രസ്-എം
കേരള കോൺഗ്രസ്-എമ്മിൽ ജോസ് കെ.മാണി, പി.ജെ. ജോസഫ് പക്ഷങ്ങൾ ഇടത്, വലത് മുന്നണികളിലേക്കായി മാറിയതിന് ശേഷമുള്ള ആദ്യ സമ്മേളനമാണ് നാളെ. നിയമസഭയിൽ ഇരു വിഭാഗങ്ങളും ഒറ്റക്കക്ഷിയായി തുടരുകയാണ് . അതനുസരിച്ച് കക്ഷിനേതാവ് പി.ജെ. ജോസഫാണ്. ധനകാര്യ ബിൽ പാസ്സാക്കാനായി ആഗസ്റ്റ് 24ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് ജോസ് വിഭാഗം അംഗങ്ങളായ റോഷി അഗസ്റ്റിനും പ്രൊഫ.എൻ. ജയരാജും വിട്ടുനിന്നിരുന്നു. ഇരു വിഭാഗങ്ങളും പരസ്പരം വിപ്പും നൽകി. വിപ്പ് ലംഘനത്തിന് അയോഗ്യരാക്കണമെന്ന ആവശ്യവുമായി ഇരുവിഭാഗവും സ്പീക്കറെ സമീപിച്ചു. പാർട്ടി ചിഹ്നവും പേരും അനുവദിച്ചുള്ള വിധി ജോസ് വിഭാഗത്തിന് അനുകൂലമായതോടെ, അയോഗ്യതാ തർക്കത്തിൽ മേൽക്കൈ ജോസ് വിഭാഗത്തിനുണ്ട്. തർക്കത്തിൽ ജോസ് വിഭാഗത്തിന്റെ വാദം കേൾക്കൽ പൂർത്തിയായിട്ടുണ്ട്. ജോസഫ് പക്ഷത്തിന്റെ വാദം കേൾക്കൽ ഇന്നാണ്. ഇന്ന് വാദം കേട്ടാലും തീരുമാനം ഇന്നുണ്ടാവില്ലെന്നതിനാൽ, നാളെ കർഷകപ്രശ്നത്തിൽ സംസാരിക്കുക ജോസഫ് തന്നെയാവാം. എട്ടിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിൽ ജോസഫും മോൻസ് ജോസഫും അയോഗ്യരാക്കപ്പെടുമോയെന്ന ചോദ്യമാണുയരുന്നത്.