neyyattinkara-suicide

തിരുവനന്തപുരം: ''സാറേ നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്. ഇനി അടക്കാനും പറ്റൂല്ലെന്നോ''. പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും ഇളയ മകൻ രാഹുൽ തകർന്ന ഹൃദയവുമായി പൊലീസിനെ നോക്കി ചോദിച്ച വാക്കുകളാണിത്. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലത്ത് സംസ്കരിക്കുന്നതിനായി കുഴിയെടുക്കാൻ ആരും തയ്യാറാവാതായപ്പോൾ രാഹുൽ തന്നെ കുഴിവെട്ടി. ചങ്ക് തകർക്കുന്നതായിരുന്നു അച്ഛന്റെ മൃതദേഹം സംസ്കരിക്കാൻ മകൻ കുഴിവെട്ടുന്ന കാഴ്ച. പൊലീസ് അതും തടയാനെത്തിയപ്പോഴായിരുന്നു രാഹുൽ പൊട്ടിത്തെറിച്ചത്. പൊലീസിനെ നോക്കി വികാരാധീനനായി നിൽക്കുന്ന വീഡിയോ കൊടിക്കുന്നിൽ സുരേഷ് എം.പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കുഴി വെട്ടുന്നത് പൊലീസ് തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

രാജനാണ് ആദ്യം മരിച്ചത്. പിന്നാലെ ഭാര്യ അമ്പിളിയും. രാജന്റെ മൃതദേഹം സംസ്കരിക്കാൻ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നതിനിടയിലാണ് പൊലീസ് തടയാനെത്തിയത്. സാറേ എന്റെ അമ്മേം കൂടെയെ ഇനി മരിക്കാനുള്ളൂ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടായിരുന്നു രാഹുൽ കുഴിവെട്ടിയത്. രാജന്റെ മൃതദേഹം ഒടുവിൽ അവിടെത്തന്നെ സംസ്കരിച്ചു.