covid-vaccine-

തിരുവനന്തപുരം: കൊവിഡ് വാക്സിൻ ഏതുസമയത്തും എത്തുമെന്ന പ്രതീക്ഷയിലാണ് കേരളം. ഏത് വാക്‌സിൻ എപ്പോൾ വരുമെന്നത് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ഇതിനായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമുള്ള മുന്നൊരുങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെ കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ജനിതകമാറ്റം വന്ന കൊവിഡ് വൈറസുകൾ. ബ്രിട്ടനിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തി ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധിച്ച 18 പേർക്ക് ഇന്നലവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി ലഭിച്ചാലേ ഇത് ജനതികമാറ്രം വന്ന വൈറസ് ആണോയെന്ന് വ്യക്തമാകൂ. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത കേരളം കഴിഞ്ഞ 11 മാസമായി വൈറസിനെതിരെ നിരന്തരമായ പോരാട്ടത്തിലാണ്. പ്രതിദിനരോഗികളുടെ എണ്ണം നിയന്ത്രണവിധേയമാക്കിയും മരണസംഖ്യ ഉയരാതെ പിടിച്ചു നിറുത്തുകയും ചെയ്തു. എന്നാൽ നിലവിലുള്ളതിനേക്കാൾ 70 ശതാനം കൂടുതൽ പകർച്ചാശേഷിയുള്ള വൈറസുകളെ എങ്ങനെ നേരിടുമെന്നതിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. പുതിയതരം വൈറസിന്റെ രോഗതീവ്രതാസാദ്ധ്യതയെപ്പറ്റി പഠനങ്ങൾ പുരോഗമിക്കുന്നതിനാൽ വ്യക്തമായ ധാരണയില്ല. ഈ സാഹചര്യത്തിൽ ജനതികമാറ്റം വന്ന വൈറസുകൾ കേരളത്തിലെത്തിയാൽ നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ അപ്പാടെ താളം തെറ്റും.

വിവരങ്ങൾ കേന്ദ്രത്തിന് കൈമാറുന്നു

കൊവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്ത് ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. ജില്ലാ തലത്തിൽ മെഡിക്കൽ ഓഫീസർമാർക്ക് ലഭിച്ച വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക വെബ്‌സൈറ്റിലൂടെയാണ് കൈമാറുന്നത്. ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്ന ആശാവർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരിൽ നിന്നുള്ള നാലായിരത്തോളം പേരുടെ വിവരങ്ങളാണ് കൈമാറുന്നത്.