
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി മരിക്കാനിടയാക്കിയ സംഭവം സർക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജന്റെയും അമ്പിളിയുടെയും നെയ്യാറ്റിൻകരയിലെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദമ്പതികളുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. മേൽക്കോടതി നടപടി വരുന്നതുവരെ സാവകാശം നൽകാതെ പൊലീസ് നടത്തിയ മനഃപൂർവമായ നരഹത്യയാണിത്. അച്ഛന്റെയും അമ്മയുടെയും വേർപാടിൽ ദുഃഖിക്കുന്ന കുട്ടികൾക്ക് കെ.പി.സി.സി സഹായം ബുധനാഴ്ച ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം കൈമാറും.
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവത്തിനുത്തരവാദികളായവരെ മാതൃകപരമായി ശിക്ഷിക്കണം. ഇത്തരം സംഭവങ്ങൾക്ക് ആവർത്തിക്കാപ്പെടാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ കൂടുതൽ ശ്രദ്ധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, മണക്കാട് സുരേഷ്, രതികുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറി ഹരീന്ദ്രനാഥ് തുടങ്ങിയവരും മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്നു.