
കൊല്ലം: ആശ്രാമം ലിങ്ക് റോഡ് ഓലയിൽക്കടവിലേക്ക് നീട്ടുന്നതിനുള്ള നിർമ്മാണ പ്രവൃത്തികൾക്കായി എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലയുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു. പാലത്തിന്റെ ഡെക്ക് സ്ലാബുകൾ നിർമ്മിക്കാനുള്ള ഷട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളാണ് പട്ടാപ്പകൽ മോഷണം പോയത്. നിർമ്മാണ സാമഗ്രികൾ കായലിൽ നങ്കൂരമിട്ട് കിടക്കുന്ന ബാർജിലാണ് സൂക്ഷിച്ചിരുന്നത്. ഇവ പല ദിവസങ്ങളിലായി നഗരസഭയുടെ അറവുശാലയ്ക്ക് സമീപം എത്തിച്ച ശേഷം ലോറിയിൽ കടത്തുകയായിരുന്നു.
വള്ളത്തിൽ ഉപകരണങ്ങൾ കരയിലെത്തിക്കുന്നതും ലോറിയിൽ കൊണ്ടുപോകുന്നതും നാട്ടുകാർ കണ്ടിരുന്നു. നിർമ്മാണ കമ്പനിയിലെ തൊഴിലാളികളാകാമെന്ന് കരുതി കാര്യമാക്കിയില്ല. ഇന്നലെ കമ്പനി ജീവനക്കാർ സ്ഥലത്ത് എത്തിയപ്പോഴാണ് ഉപകരണങ്ങൾ കൂട്ടത്തോടെ കാണാതായത് അറിയുന്നത്. അറവുശാലയ്ക്ക് സമീപത്ത് നിന്ന് ലോറിയിൽ കടത്താനായി ഒളിപ്പിച്ചിരുന്ന ഉപകരണങ്ങൾ കണ്ടെത്തി.
നഷ്ടമായവയിൽ ഭൂരിഭാഗവും ഇരുമ്പ് ഉപകരണങ്ങളാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാർ കമ്പനിയും പൊലീസിൽ പരാതി നൽകി. സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉപകരണങ്ങൾ കടത്തിയ ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.