
തിരുവനന്തപുരം: ക്രമസമാധാന പ്രശ്‌നങ്ങളില്ലെങ്കിൽ സിവിൽ കേസുകളിൽ ഇടപെടരുതെന്ന കോടതി ഉത്തരവുകളും വകുപ്പുതല നിർദ്ദേശങ്ങളും പാലിക്കാതെ നെയ്യാറ്റിൻകരയിൽ മൂന്നുസെന്റ് തർക്കഭൂമി ഒഴിപ്പിക്കാൻ ധൃതികാട്ടിയ പാെലീസ് ദമ്പതികളുടെ മരണത്തിൽ പ്രതിസ്ഥാനത്ത്. രണ്ടു കുട്ടികളെ അനാഥരാക്കിയെന്ന ആക്ഷേപവും ഉയർന്നു. വസ്തുതർക്കം തുടങ്ങിയ സിവിൽ കേസുകളിലെ ഉത്തരവ് നടപ്പാക്കേണ്ടത് കോടതി അയയ്ക്കുന്ന ആമീനാണ്. അല്ലെങ്കിൽ ഉത്തരവ് നടപ്പാക്കണമെന്ന് കോടതി പൊലീസിനോട് നിർദ്ദേശിക്കണം. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് അറിഞ്ഞിട്ടും മുനിസിഫ് കോടതിയുടെ ഉത്തരവിന്റെ പേരിൽ കുടി ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായത്.
കുടിയൊഴിപ്പിക്കാനുള്ള നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ് സ്റ്രേ ചെയ്യണമെന്ന രാജന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപാണ് പൊലീസ് ഒഴിപ്പിക്കലിനെത്തിയത്.കഴിഞ്ഞ 21നാണ് രാജൻ സ്റ്റേ തേടി ഹൈക്കോടതിയെ സമീപിച്ചത്. 22ന് ഉച്ചയ്ക്ക് ഹർജി പരിഗണിച്ച ഹൈക്കോടതി മുനിസിഫ് കോടതി ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്തു. എതിർകക്ഷിയായ വസന്തയ്ക്ക് സ്പീഡ്പോസ്റ്റ് വഴി നോട്ടീസ് അയയ്ക്കാനും ഇടക്കാല ഉത്തരവിട്ടു. വിധിവന്ന ദിവസം രാവിലെയാണ് പൊലീസ്, രാജനെയും കുടുംബത്തെയും ഇറക്കിവിടാനൊരുങ്ങിയത്.
രാജന്റെ വാദം കേൾക്കാതെയുള്ള എക്സ്-പാർട്ടി ഉത്തരവായിരുന്നു മുനിസിഫ് കോടതിയുടേത്. ഇത്തരം ഉത്തരവുകൾ തിടുക്കത്തിൽ നടപ്പാക്കേണ്ടതില്ല. ഈ ഉത്തരവ് നടപ്പാക്കാൻ എക്സിക്യൂഷൻ പെറ്റീഷൻ നൽകി എക്സിക്യൂഷൻ ഉത്തരവ് കക്ഷികൾ നേടിയെടുത്താലും, സാഹചര്യങ്ങൾ അന്വേഷിച്ചശേഷമേ കുടിയൊഴിപ്പിക്കൽ തുടങ്ങിയ നടപടികൾക്ക് പൊലീസ് സംരക്ഷണം നൽകേണ്ടതുള്ളൂ. പ്രതികൂല സാഹചര്യം ചൂണ്ടിക്കാട്ടി, സി.ആർ.പി.സി 145 പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേട്ടിന് റിപ്പോർട്ട് നൽകാൻ പൊലീസിന് കഴിയും. ഉത്തരവ് പാലിച്ചില്ലെന്ന് കാട്ടി പരാതിക്കാർ വീണ്ടും കോടതിയെ സമീപിക്കുമ്പോഴും പൊലീസിന് നിലപാട് അറിയിക്കാൻ അവസരമുണ്ട്.
യു.ഡി.എഫ് ഭരണകാലത്ത് കൊച്ചി സിറ്റിയിൽ ബഹുനിലകെട്ടിടം റിയൽ എസ്റ്രേറ്റുകാർക്കായി രാത്രി ഇടിച്ചുപൊളിച്ച ഇൻസ്പെക്ടർക്ക് വേണ്ടി ജഡ്ജിമാർവരെ ഇടപെട്ടെങ്കിലും, അയാളെ സസ്പെൻഡ് ചെയ്തിരുന്നു.
കൊലക്കുറ്റവും?
കുടിയൊഴിപ്പിക്കാനെത്തിയ പൊലീസിനെ പിന്തിരിപ്പിക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് കൈയിൽ ലൈറ്റർ കത്തിച്ചുപിടിച്ചിരുന്നു രാജൻ. എ.എസ്.ഐ തൊപ്പികൊണ്ട് ലൈറ്റർ തട്ടിത്തെറിപ്പിച്ചപ്പോഴാണ് ദേഹത്ത് തീപടർന്നത്. അലക്ഷ്യമായ നടപടികളുടെ ഭാഗമായി ആളുകളുടെ മരണത്തിലേക്ക് നയിച്ചെന്ന കുറ്റത്തിന് ഐ.പി.സി 304 (എ) ചുമത്താനാവുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. എന്നാൽ ആ നടപടി രക്ഷിക്കാനായിരുന്നെന്ന് പൊലീസിനും വാദിക്കാം.
"സിവിൽ കോടതികളുടെ ഉത്തരവ് നടപ്പാക്കേണ്ടത് പൊലീസല്ല. പൊലീസിനോട് നടപ്പാക്കാൻ കോടതി പറഞ്ഞാലേ കാര്യമുള്ളൂ. എക്സിക്യൂഷൻ ഉത്തരവുണ്ടെങ്കിൽ തന്നെ നടപ്പാക്കാറില്ലാത്ത പൊലീസ് അമിതാവേശമാണ് കാട്ടിയത്."
-ബി.ജി. ഹരീന്ദ്രനാഥ്
മുൻ നിയമസെക്രട്ടറി
വീഴ്ച പരിശോധിക്കും: കടകംപള്ളി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെറ്റുകാർക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വിശദമായ അന്വേഷണം വേണം. ദമ്പതികളുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മക്കളുടെ സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുത്തകാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്. ആൻസലൻ എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
റൂറൽ എസ്.പി അന്വേഷിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരമുള്ള കുടിയൊഴിപ്പിക്കലിനിടെ ഭാര്യയും ഭർത്താവും പൊള്ളലേറ്റു മരിച്ച സംഭവം തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകൻ അന്വേഷിക്കും. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചിരിക്കുന്നത്.
വീട് വച്ചുനൽകും, വിദ്യാഭ്യാസ ചെലവ്
ഏറ്റെടുക്കും: മുഖ്യമന്ത്രി
തൃശൂർ: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് വീട് വച്ചുനൽകാനും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്ക് സർക്കാർ പൂർണ സംരക്ഷണം നൽകും. അത്യന്തം ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.