കോവളം: ചൊവ്വരയിൽ പട്ടികജാതിക്കാർക്ക് സർക്കാർ സൗജന്യമായി നൽകിയ ഭൂമിയും സർക്കാർ പുറമ്പോക്കും കൈയേറിയത് റവന്യൂ അധികൃതരെത്തി തിരിച്ചുപിടിച്ചു. സ്വകാര്യ റിസോർട്ട് ഉടമയാണ് 78 സെന്റ് ഭൂമി കൈയേറിയത്. അധിക വിലകൊടുത്ത് ഇയാൾ ഈ ഭൂമി വാങ്ങിയിരുന്നു. ഇതോടൊപ്പമുള്ള സമുദ്രതീര പുറമ്പോക്കും റിസോർട്ട് ഉടമ കൈയേറി മതിൽ കെട്ടിയടച്ചു. സ്ഥലം വിൽക്കാത്ത പട്ടികജാതി കുടുംബങ്ങൾക്ക് പുറത്തേക്കുള്ള വഴിയടഞ്ഞതോടെ നിയമസഭാ കമ്മിറ്റിക്ക് ഇവരുടെ കൂട്ടായ്‌മ പരാതി നൽകി. തുടർന്ന് സ്വകാര്യ റിസോർട്ട് ഉടമ കൈയേറിയ സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാൻ കമ്മിറ്റി നെയ്യാറ്റിൻകര തഹസിൽദാരോട് നിർദ്ദേശം നൽകിരുന്നു. ലാൻഡ് ആന്റ് റവന്യൂ റിക്കാർഡ്സ് തഹസിൽദാർ ശോഭാ സതീഷിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘമെത്തിയാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടത്. കൈയേറിയ സ്ഥലത്താണ് റിസോർട്ടിലേക്ക് വന്നുപോകുന്നതിനുള്ള പ്രവേശനകവാടം. ക്രിസ്‌മസിനോടനുബന്ധിച്ച് ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തി തങ്ങുന്നുണ്ട്. അതിനാൽ പ്രധാന കവാടം പൂട്ടി സീൽ വച്ചില്ല. പകരം വഴിയൊരുക്കിയശേഷം ഇവിടം പൂട്ടി സീൽചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു. ഹെഡ് സർവേയർ ജയകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കുമാരൻ നായർ, വിജയകുമാർ, കോട്ടുകാൽ വില്ലേജ് ഓഫീസർ അനിത എന്നിവരാണ് സ്ഥലമൊഴിപ്പിക്കലിനെത്തിയത്.