
തിരുവനന്തപുരം: പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിക്ക് മടങ്ങിയ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസിൽ വരുത്തുന്ന മാറ്രങ്ങളിൽ ജനുവരി പത്തിനകം തീരുമാനമായേക്കും. രണ്ട് ദിവസത്തിനകം ഹൈക്കമാൻഡിന് താരിഖ് അൻവർ റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനം തീരേ മോശമായ ഡി.സി.സികളിലും ഇരട്ടപ്പദവി വഹിക്കുന്ന ഡി.സി.സികളിലും പ്രസിഡന്റുമാർ മാറും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകൾക്ക് പുറമേ, എം.എൽ.എമാരായ ടി.ജെ. വിനോദ് എറണാകുളത്തും ഐ.സി. ബാലകൃഷ്ണൻ വയനാട്ടിലും എം.പിയായ വി.കെ. ശ്രീകണ്ഠൻ പാലക്കാട്ടും പ്രസിഡന്റ് സ്ഥാനമൊഴിയേണ്ടി വരും. രണ്ട് എം.എൽ.എമാരും ഒഴിയാൻ നേരത്തേ സന്നദ്ധത അറിയിച്ചതാണ്.
അടുത്തിടെ പുതിയ പ്രസിഡന്റുമാർ വന്ന തൃശൂർ, കോഴിക്കോട് ജില്ലകളിലൊഴിച്ച് പന്ത്രണ്ട് ജില്ലകളിലും ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്ന നിർദ്ദേശമാണ് കെ.പി.സി.സി നൽകിയ റിപ്പോർട്ടിലെങ്കിലും അത് അപ്പാടെ അംഗീകരിച്ചേക്കില്ലെന്നാണറിയുന്നത്. ജനുവരി നാലിന് വീണ്ടും തിരുവനന്തപുരത്തെത്തുന്ന താരിഖ് അൻവർ, നാലിനും അഞ്ചിനുമായി കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും. ഡി.സി.സി പ്രസിഡന്റുമാരുടെയും ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാരുടെയും യോഗമാണ് ആദ്യം. പോഷകസംഘടനാ പ്രസിഡന്റുമാരുടെയും ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിമാരുടെയും യോഗവും കെ.പി.സി.സി സെക്രട്ടറിമാരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും യോഗവുമുണ്ട്. ഇതിന് പുറമേ ആറിനും ഏഴിനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.