chenda

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകൾ വേണ്ടെന്ന തീരുമാനത്തിൽ ഇളവ് . കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്റ്റേജ്ഷോകൾ നടത്താം. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കലാകാരൻമാരുടെ പ്രശ്നത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് ദേവസ്വം ബോർഡ് ഉത്തരവിൽ ഭേദഗതി വരുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവത്തിന് ക്ഷേത്രകലകൾ സംഘടിപ്പിക്കാം. സ്റ്റേജ് ഷോകൾ ജീല്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും അനുമതിയോടെ ആൾക്കൂട്ടം ഒഴിവാക്കി സംഘടിപ്പിക്കാനാണ് നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ 1250 ക്ഷേത്രങ്ങളിൽ ഇത്തവണ ഉത്സവം ആചാരപരമായ ചടങ്ങുകളിൽ മാത്രം ഒതുക്കാൻ ബോർഡ് ഉത്തരവിറക്കിയിരുന്നു.സ്റ്റേജ് ഷോകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ടായിരുന്നു. സംഗീതം, നാടകം, മിമിക്രി, ക്ഷേത്രകലകൾ എന്നിവ അവതരിപ്പിക്കുന്ന കലാകാരൻമാർക്ക് തൊഴിൽ നിഷേധിക്കുന്ന ഉത്തരവാണിതെന്ന് വിമർശനമുയർന്നതിനെ തുടർന്നാണ് പുതിയ തീരുമാനം.ഡിസംബർ മുതൽ മെയ് മാസം വരെയാണ് കേരളത്തിൽ ക്ഷേത്ര ഉത്സവ സീസൺ.