
വെഞ്ഞാറമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി. ഒടുവിൽ യുവാവിനെയും ആടിനെയും ഫയർഫോഴ്സ് നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിന് സമീപം പഞ്ഞിയൂരിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പഞ്ഞിയൂർ പട്ടാഴിവിള വീട്ടിൽ മധുസൂദനക്കുറുപ്പിന്റെ ആടാണ് കാൽ വഴുതി കിണറ്റിൽ വീണത്. തുടർന്ന് ആടിനെ രക്ഷിക്കാനിറങ്ങിയ അയൽവാസിയായ ബാബു കിണറ്റിൽ കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ വിവരം വെഞ്ഞാറമൂട് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.