ajith-krishnan

തിരുവനന്തപുരം: ഉസൈൻ ബോൾട്ട് സൈക്കിളിൽ കയറിയതുപോലെയാണ് പത്താംക്ലാസുകാരൻ അജിത്ത് കൃഷ്ണന്റെ കാര്യം. മിന്നൽ പിണറാണ്. പാലക്കാട്ട് നിന്ന് 18 മണിക്കൂർ കൊണ്ട് 300 കിലോമീറ്റർ പറന്ന് തിരുവനന്തപുരത്ത്. ഇവിടെ എത്തിയപ്പോൾ അഭിനന്ദിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ.

തിങ്കളാഴ്ച രാവിലെ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് അജിത്ത് സൈക്കിൾ യജ്ഞം തുടങ്ങിയത്. 18 മണിക്കൂറും 33 മിനിട്ടും എടുത്ത് തിരുവനന്തപുരത്ത് എത്തി. 24 മണിക്കൂറാണ് ലക്ഷ്യമിട്ടതെങ്കിലും വേഗത്തിൽ യാത്ര പൂർത്തിയാക്കുകയായിരുന്നു. ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കാനാണ് അജിത്ത് മാതാപിതാക്കൾക്കൊപ്പം കേസരി ഹാളിലെത്തിയത്.

മേയറായി ചുതലേറ്റ ശേഷം ആര്യ മീറ്റ് ദ പ്രസിന് കേസരി ഹാളിലെത്തിയപ്പോൾ അവിചാരിതമായാണ് അജിത്തിനെ കണ്ടത്.

പ്രായമല്ല ലക്ഷ്യമാണ് വലുതെന്ന് തെളിയിക്കുന്ന അജിത്തിനെ പോലുള്ളവരാണ് നാടിന് കരുത്തേകാൻ പോകുന്നതെന്ന് ആര്യ പറഞ്ഞു. കേസരിയുടെ ഉപഹാരവും ആര്യ കൈമാറി.

അജിത്തിന്റെ ആദ്യ സൈക്കിൾ യജ്ഞമല്ല ഇത്. 2019ൽ പാലക്കാട്ടു നിന്ന് കാശ്മീരിലേക്ക് 25 ദിവസം കൊണ്ട് 4205.32 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ലോക റെക്കോർഡ്, ഇന്ത്യൻ റെക്കോർഡ്, ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ് എന്നിവ അജിത്ത് സ്വന്തമാക്കിയിട്ടുണ്ട്.

റെക്കോർഡിനപ്പുറം ആരോഗ്യസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അജിത്തിന്റെ യാത്ര. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ബംഗളൂരുവിലേക്കാണ് ആദ്യമായി സൈക്കിൾ യാത്ര നടത്തിയത്. പരിശീലനത്തിന്റെ ഭാഗമായി ദിവസവും 30 - 40 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കാറുണ്ട്.

കോയമ്പത്തൂർ ശ്രീരാമകൃഷ്ണ മെട്രിക് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആർ.പി.അജിത്ത് കൃഷ്ണൻ. പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി സ്വദേശിയാണ്. അച്ഛൻ പ്രണേഷ് രാജേന്ദ്രൻ, അമ്മ: അർച്ചന ഗീത, അജയ്‌ കൃഷ്ണൻ സഹോദരൻ.