
നെടുമങ്ങാട്:നിരാലംബരായ പെൺകുട്ടികളുടെയും അനാഥ ബാല്യങ്ങളുടെയും സ്വന്തം ചേച്ചിയമ്മ ഇനി വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. ഉറ്റവരാൽ പിച്ചിച്ചീന്തപ്പെട്ട പെൺമക്കൾക്കും ഭർത്താക്കന്മാർ ഉപേക്ഷിച്ചുപോയ യുവതികൾക്കും മക്കൾ കൈയൊഴിഞ്ഞ വൃദ്ധജനങ്ങൾക്കും 'സ്റ്റേഹോം" ഒരുക്കി പരിചരണം നൽകുന്ന പാലോട് ജി.കോമളത്തിന്റെ സ്ഥാനലബ്ദി വാമനപുരം നിയോജക മണ്ഡലത്തിലെ പട്ടികവിഭാഗ മേഖലകൾക്ക് കൂടി ലഭിച്ച അംഗീകാരമാണ്. സ്ത്രീകൾക്കെതിരായ അതിക്രമം, മദ്യപാനം,സ്ത്രീധനം, ബാലവിവാഹം,തൊഴിലിടങ്ങളിലെ പീഡനം,സാമൂഹ്യ അനാചാരങ്ങൾ, വനാവകാശം എന്നിവ മുൻനിറുത്തി ഒന്നര പതിറ്റാണ്ടായി പട്ടിക വിഭാഗങ്ങൾക്കിടയിൽ നടത്തിയ മാതൃകാ പ്രവർത്തനത്തിനു സി.പി.എമ്മും ജനങ്ങളും നൽകിയ അംഗീകാരമാണ് 49 -കാരിയായ ജി.കോമളത്തിന്റെ ബ്ലോക്ക് പ്രസിഡന്റ് പദം. കാടും മേടും കാൽനടയായി സഞ്ചരിച്ച് കോളനി പ്രദേശങ്ങളിലെ വീട്ടമ്മമാർക്കിടയിൽ അക്ഷരവെളിച്ചം പകർന്നുനൽകിയും ഗാർഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് ബോധവത്കരണം നടത്തിയുമാണ് പൊതുരംഗത്ത് ശ്രദ്ധേയയായത്. സാക്ഷരതാ പ്രവർത്തകയായി തിളങ്ങിയ കോമളത്തെ നന്ദിയോട്ടെ കുടുംബശ്രീ പ്രസ്ഥാനം സംസ്ഥാന മഹിളാ സമഖ്യാ സൊസൈറ്റിയുടെ വോളന്റിയറായി നിയോഗിച്ചതാണ് തലവര മാറ്റിയെഴുതിയത്. കോമളത്തിന്റെ ശ്രമഫലമായി സൊസൈറ്റി മുൻകൈയെടുത്ത് നന്ദിയോട് പച്ചയിൽ നിരാലംബരുടെ സംരക്ഷണത്തിന് ഹോസ്റ്റൽ ആരംഭിച്ചു. പെൺകുട്ടികൾ അടക്കം 20 അംഗങ്ങളുടെ പരിചരണ ചുമതല കോമളത്തിന്റെ നേതൃത്വത്തിൽ ആറംഗ വനിതാകൂട്ടായ്മ ഏറ്റെടുത്തു. അഞ്ച് വർഷം അവർക്കൊപ്പം താമസിച്ച് പരിചരണം ഉറപ്പാക്കി. യുവതികളെ വിവാഹം കഴിച്ചു വിട്ടു. വാമനപുരത്തും പൂജപ്പുരയിലും സമാനമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.
പത്തരമാറ്റിന്റെ പ്രീഡിഗ്രി തിളക്കം
ഇല്ലായ്മകളുടെ നടുവിലും പെരിങ്ങമ്മല ഇക്‌ബാൽ കോളേജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.ടൈപ്പ് റൈടിംഗിൽ ഇംഗ്ളീഷ് ലോവറും ഹയറും പാസായി. അമ്മ ഗോമതി പശുവളർത്തിയാണ് കോമളത്തെയും സഹോദരങ്ങളെയും പഠിപ്പിച്ചത്.ഇതിനിടെ, വിതുരയിലെ കല്ലൻകുടി ട്രൈബൽ സെറ്റിൽമെന്റിൽ ദിവസവും പത്ത് കിലോമീറ്ററോളം കാട്ടിലൂടെ കാൽനടയായി സഞ്ചരിച്ച് അങ്കണവാടി വർക്കറുടെ സേവനമനുഷ്ഠിച്ചു.സർക്കാർ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായി. അഞ്ച് വർഷം മുമ്പ് സി.പി.എം മെമ്പർഷിപ്പിലേക്ക് വന്നതോടെ പച്ച പട്ടികജാതി സഹ.സംഘത്തിൽ ഡയറക്ടറായി. എ.ഡി.എസ്/ സി.ഡി.എസ് ഭാരവാഹിയായി. ഒടുവിൽ,യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പാലോട് ബ്ലോക്ക് ഡിവിഷനിൽ അട്ടിമറി വിജയം നേടിയാണ് കോമളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിലെത്തുന്നത്. ഇന്ന് രാവിലെ 11 ന് ബ്ലോക്ക് പ്രസിഡന്റായി ചുമതലയേൽക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയമ്മയ്ക്ക് ഹൃദ്യമായ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് സമഖ്യാ സൊസൈറ്റി പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും. ദളിത് ക്ഷേമ പ്രവർത്തകൻ ശശി ആർ. ചേരമനാണ് ഭർത്താവ്. മൂത്തമകൾ ശരണ്യ എം.എയും രണ്ടാമത്തെ മകൾ വിദ്യ ബി.കോമും പാസായി. മകൻ ഗൗതമൻ ഐ.ടി.ഐ ഇലക്ട്രോണിക്സ് ട്രേഡ് പൂർത്തിയാക്കി. വിലാസം: വിദ്യാഭവൻ, തുമ്പാനൂർ, പനങ്ങോട് പി.ഒ. ഫോൺ: 8606540552.