loknath-behra

കുട്ടികളെ സർക്കാർ ഏറ്റെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ്ത രാജൻ - അമ്പിളി ദമ്പതികളുടെ രണ്ട് ആൺമക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തു.സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടു.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവടക്കം വഹിക്കാനും പുതിയ വീട് നിർമ്മിച്ചു നൽകാനും മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി. സംരക്ഷണചുമതലയും ജില്ലാ ഭരണകൂടത്തിനാണ്.

കെ.ആൻസലൻ എം.എൽ.എ സർക്കാ‌ർ തീരുമാനം കുട്ടികളെ അറിയിച്ചു. മൂത്തമകൻ രാഹുൽ പഠനം മതിയാക്കി വർക്ക് ഷോപ്പിൽ പോകുകയാണ്. ഇളയമകൻ രഞ്ജിത്ത് പ്ലസ് ടു പൂർത്തിയാക്കി.

ഉത്തരവ് നടപ്പാക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് തിരുവനന്തപുരം റൂറൽ എസ്.പി അന്വേഷിക്കും. മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷിക്കും. നല്ല ഉദ്ദേശ്യത്തോടെ, ലൈ​റ്റർ തട്ടിമാറ്റിയപ്പോൾ തീയാളിപ്പിടിച്ചുവെന്നാണ് പൊലീസ് നിലപാട്.

പൊലീസും വീട് ഒഴിപ്പിക്കാൻ ഹർജി നൽകിയ അയൽക്കാരും ഒത്തുകളിച്ചെന്നാണ് രാജന്റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്​റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ആരോപണം അവർ ഉന്നയിക്കുന്നു.