dd

കൊല്ലം: ജില്ലയിൽ രണ്ടിടത്ത് നിന്ന് കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ മുളവന തെക്കേടത്ത് വിളയിൽ രതീഷ് (36), മുളവന കോയിക്കൽശേരി വീട്ടിൽ മണികണ്ഠൻ (34), കാറിൽ കഞ്ചാവ് കടത്തിയ പുനലൂർ വിളക്കുപാറ പുളിവിള വീട്ടിൽ സുരേഷ് (38), കോട്ടയം കരിക്കാട്ടൂർ കാരയ്ക്കാട്ട് വീട്ടിൽ ജോയ് ജോസഫ് (39), മയ്യനാട് നടുവിലക്കര കൊച്ചുവീട്ടിൽ സന്തോഷ് (40) എന്നിവരാണ് പിടിയിലായത്.

മണികണ്ഠനും രതീഷും തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് മുളവന എയർപോർട്ട് എന്നറിയപ്പെടുന്ന കോഴി ഫാം കേന്ദ്രീകരിച്ച് കച്ചവടം നടത്തുകയായിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ പാർട്ടികൾക്കായി കഞ്ചാവ് സംഭരിച്ച് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രതികളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ്, ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് വിറ്റുകിട്ടിയ പണം എന്നിവ പിടിച്ചെടുത്തു. ഈ സീസണിൽ 35 കിലോയോളം കഞ്ചാവ് വിറ്റതായി പ്രതികൾ വെളിപ്പെടുത്തിയെന്ന് എക്സെെസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് അസി. കമ്മിഷണർ ബി. സുരേഷ്, ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, അസി. ഇൻസ്പെക്ടർ ഡി.എസ്. മനോജ് കുമാർ, ഷാഡോ ടീം അംഗങ്ങളായ ടി. വിഷ്ണുരാജ്, റോബിൻ ഫ്രാൻസിസ്, രാഹുൽ രാജ്, സഫേഴ്സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വിളക്കുപാറയിൽ റബർ തടി കച്ചവടം നടത്തിവരികയായിരുന്ന സുരേഷ് വ്യാപാരം നഷ്ടത്തിലായതോടെ ജോയ് ജോസഫുമായി ചേർന്ന് കഞ്ചാവ് വില്പന ആരംഭിച്ചു. മയ്യനാട് സ്വദേശി സന്തോഷിന്റെ പരിചയത്തിലുള്ള തമിഴ്നാട്ടിലെ ഉസിലാംപെട്ടി സ്വദേശിയായ പാണ്ടി എന്നയാളിൽ നിന്ന് നാല് കിലോ കഞ്ചാവ് അറുപതിനായിരം രൂപയ്ക്ക് വാങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തിവരികയായിരുന്നു. മയ്യനാട് സ്വദേശി സന്തോഷിന് 1.200 കിലോ കഞ്ചാവ് മയ്യനാട് തോപ്പിൽ മുക്കിൽവച്ച് കൈമാറുമ്പോഴാണ് എക്സൈസ് സംഘം മൂന്നുപേരെയും പിടികൂടിയത്. തുടർന്ന് കാർ പരിശോധിച്ചപ്പോൾ മുൻവശത്തെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.7 കിലോ കഞ്ചാവും കണ്ടെടുത്തു. പുതുവത്സരം പ്രമാണിച്ച് കാപ്പിൽ, വർക്കല ബീച്ചുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പുതുവർഷ ആഘോഷത്തിന് വില്പന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ്, ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ്, എസ്.പി. വിധുകുമാർ, എസ്. ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ശ്രീനാഥ്, പി.എസ്.ശരത്ത്, ടി. നഹാസ്, ആർ.വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.