
ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മുഹൂർത്തം കുറിച്ച സൂപ്പർസ്റ്റാർ രജനികാന്ത് മുഹൂർത്തതിന് 48 മണിക്കൂർ മുമ്പ് തീരുമാനം പിൻവലിച്ചതായി അറിയിച്ച് തൊഴുതു പിൻവാങ്ങി. തമിഴ്നാട് രാഷ്ട്രീയം പുതുവഴിയിലേക്ക് ചലിപ്പിക്കാൻ കഴിയുമായിരുന്ന രജനികാന്ത് 'ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി' പിൻവാങ്ങിയതോടെ, ദ്രാവിഡ രാഷ്ട്രീയം തന്നെ വരുന്ന തിരഞ്ഞെടുപ്പിലും നിറഞ്ഞു നിൽക്കുമെന്നുറപ്പായി.
ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും കൂടെ നിൽക്കുന്നവരെ ബലിയാടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് രജനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ആരാധകരെയും തമിഴ് ജനതയെയും അഭിസംബോധന ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മൂന്ന് പേജ് കത്തിലൂടെയായിരുന്നു നാടകീയ പ്രഖ്യാപനം. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ആരാധകരിൽ ചിലർ പോയസ് ഗാർഡനിലെ വസതിക്ക് മുമ്പിൽ പ്രതിഷേധിച്ചു.
കഴിഞ്ഞയിടെ പുതിയ ചിത്രമായ 'അണ്ണാത്തെയുടെ' ഷൂട്ടിംഗിനായി ഹൈദരാബാദിലെത്തിയ രജനി രക്ത സമ്മർദത്തിലെ വ്യതിയാനത്തെത്തുടർന്ന് ആശുപത്രിയിലായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടെങ്കിലും, കൊവിഡ് പകരാനുള്ള സാഹചര്യങ്ങളിൽ നിന്നു പൂർണമായി വിട്ടു നിൽക്കണമെന്ന് ഡോക്ടർമാർ ഉപദേശിച്ചു. ഇതോടെ പഞ്ച് ഡയോലോഗുകളുമായി രാഷ്ട്രീയത്തിൽ മാസ് എൻട്രി നടത്താനാകില്ലെന്ന് രജനികാന്ത് ഉറപ്പിച്ചു.
വില്ലനായത് ആരോഗ്യം
ആരോഗ്യ പ്രശ്നങ്ങൾ ദൈവം നൽകിയ സൂചനയാണെന്ന് കത്തിൽ രജനി ചൂണ്ടിക്കാട്ടുന്നു. അണ്ണാത്തെയുടെ ലൊക്കേഷനിൽ എല്ലാ മുൻകരുതലുമെടുത്തിട്ടും നാലു പേർക്ക് കൊവിഡ് വന്നു. അപ്പോൾ, പ്രചാരണവുമായി ജനങ്ങൾക്കിടയിലേക്കിറങ്ങിയാൽ എന്തായിരിക്കും സ്ഥിതി? പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും രക്ത സമ്മർദത്തിലെ വ്യതിയാനത്തെത്തുടർന്ന് മൂന്നു ദിവസം ചികിത്സ വേണ്ടിവന്നു. 2016ൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധ ശേഷി നിയന്ത്രിക്കേണ്ട മരുന്ന് കഴിക്കേണ്ടിവരുന്നു. അതുകൊണ്ടു തന്നെ കൊവിഡ് പ്രതിരോധ മരുന്നു കുത്തിവച്ചാലും ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്ക നീങ്ങില്ല. മാദ്ധ്യമങ്ങളും സമൂഹ മാദ്ധ്യമങ്ങളും വഴിയുള്ള പ്രചാരണം ഫലപ്രദമാകില്ല. നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിച്ചാണ് കത്ത് അവസാനിക്കുന്നത്.
ഇനി പ്രധാനം പിന്തുണ
രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചില്ലെങ്കിലും ഏതെങ്കിലും പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ രജനി പിന്തുണ പ്രഖ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. രാഷ്ട്രീയത്തിലേക്കില്ലെങ്കിലും ജനസേവനം തുടരുമെന്നും സത്യം വിളിച്ചു പറയുമെന്നും കത്തിൽ രജനി പറയുന്നതിൽ അതിന്റെ സൂചനയുണ്ട്. രജനിയെ മുന്നിൽ നിറുത്തി രാഷ്ട്രീയ പദ്ധതികളുണ്ടായിരുന്ന ബി.ജെ.പി, അദ്ദേഹത്തിന്റെ പിന്തുണയെങ്കിലുമുറപ്പാക്കാൻ ശ്രമിക്കും. ഭൂരിഭാഗം ജില്ലകളിലും ബൂത്തു തലത്തിൽവരെ കമ്മിറ്റിയുള്ള മക്കൾ മൻട്രത്തിലൂടെ രാഷ്ട്രീയ സന്ദേശം ജനങ്ങൾക്കിടയിലേക്കെത്തിക്കാൻ രജനിയ്ക്കാകും.
പ്രതികരണങ്ങൾ
രജനിയുടെ തീരുമാനം തങ്ങൾക്ക് അനുകൂലമാകും- അണ്ണാ ഡി.എം.കെ, ബി.ജെ.പി
തീരുമാനം അനുകൂലമോ പ്രതികൂലമോ അല്ല- ഡി.എം.കെ
നിരാശയുണ്ട്- കമലഹാസൻ