
തിരുവനന്തപുരം:ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ അദ്ധ്യക്ഷന്മാരെ ഇന്നറിയാം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചയ്‌ക്ക് രണ്ടിനുമാണ് തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കളക്ടറും ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളുമാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പ് പൂർത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്ന് കളക്ടർ നവജ്യോത്ഖോസ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. മാസ്‌ക്, സാനിറ്റൈസർ,സാമൂഹിക അകലം എന്നിവ നിർബന്ധമാണ്.