തിരുവനന്തപുരം:ജില്ലയിൽ ഏറ്റവുമധികം ടൂറിസം പദ്ധതികൾ യാഥാർത്ഥ്യമായത് ഈ സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നെടുമങ്ങാട് ടൂറിസം വകുപ്പ് പുതുതായി ആരംഭിക്കുന്ന മോട്ടൽ ആരാമിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു മന്ത്രി.വിനോദസഞ്ചാരത്തിന് അനന്ത സാദ്ധ്യതയുള്ള ജില്ലയാണ് തിരുവനന്തപുരം.ഇത് മുന്നിൽ കണ്ട് ഒട്ടനവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ജില്ലയിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളുമായി സഹകരിച്ച് പിൽഗ്രിം ടൂറിസം പദ്ധതി നടപ്പിക്കുന്നുണ്ട്. തിരുവിതാംകൂറിന്റെ പൈതൃക സംരക്ഷണത്തിനായി ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ് ആംബുലൻസുകളുടെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. മാണിക്കൽ, കരകുളം, അണ്ടൂർകോണം, പോത്തൻകോട്, വെമ്പായം, പൂവത്തൂർ പഞ്ചായത്തുകളിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് ആംബുലൻസുകൾ. സി.ദിവാകരൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് ഇതിനു ചെലവായത്. ടൂറിസം ഡയറക്ടർ പി.ബാല കിരൺ,കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സി.എം.ഡി കെ.ജി. മോഹൻലാൽ,കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ, മുൻ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ എന്നിവർ പങ്കെടുത്തു.

ജലസേചന വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയ ഒന്നരയേക്കർ സ്ഥലത്ത് 18 മാസത്തിനകം മൊട്ടൽ ആരാമിന്റെ നിർമ്മാണം പൂർത്തിയാകും. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, കല്ലാർ, പേപ്പാറ, ബ്രൈമൂർ, മങ്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വഴിയിൽ നെടുമങ്ങാട് പട്ടണത്തിനു സമീപത്താണ് പുതിയ മൊട്ടൽ ആരാം ഒരുങ്ങുന്നത്. പത്ത് കോടി രൂപ ചെലവിൽ 12,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഭക്ഷണശാല, ഗസ്റ്റ് റൂം, കുട്ടികൾക്കായുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കുന്ന രൂപരേഖ പ്രകാരം നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത് സംസ്ഥാന നിർമിതി കേന്ദ്രമാണ്.