1

നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സംഭവത്തിനിടയാക്കിയ പോങ്ങിൽ വസന്തയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിനു കാരണക്കാരിയെന്ന് ആരോപിച്ച് നാട്ടുകാർ വസന്തയുടെ വീട്ടിനു മുമ്പിൽ കഴിഞ്ഞദിവസം ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഗുണ്ടായിസം കാണിച്ചവർക്ക് ഒരിക്കലും വസ്തു വിട്ടുനൽകില്ലെന്നതടക്കമുള്ള വസന്തയുടെ പ്രതികരണം നാട്ടുകാർക്കിടയിൽ കൂടുതൽ പ്രതിഷേധത്തിനിടയാക്കി.

ഉച്ചയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി. ഇളയമകൻ രഞ്ജിത്ത് മന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തിൽ കൃത്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് രാജന്റെ മക്കൾക്കും നാട്ടുകാർക്കും മന്ത്രി ഉറപ്പു കൊടുത്തു. തുടർന്നാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വനിതാ പൊലീസിന്റെ സഹായത്തോടെ വസന്തയെ കസ്റ്റഡിയിലെടുത്തത്. സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ്‌ നെയ്യാറ്റിൻകര പൊലീസിന്റെ വിശദീകരണം. വസന്തയെ അറസ്റ്റു ചെയ്തില്ലെങ്കിൽ അമ്പിളിയുടെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നും അറസ്റ്റിനുശേഷമേ സംസ്കര ചടങ്ങിനുളള കുഴിപോലും വെട്ടുകയുളളൂവെന്നും നാട്ടുകാർ പറഞ്ഞിരുന്നു.

രാജൻ താമസിച്ചിരുന്ന പുറമ്പോക്ക് ഭൂമി വസന്ത എന്ന സ്ത്രീയുടെ പേരിലുളള വസ്തുവാണെന്ന് കാട്ടി വ്യാജപട്ടയം ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അവർ ഒഴിപ്പിക്കൽ ഉത്തരവ് സമ്പാദിച്ചതെന്നാണ് രാജന്റെ മക്കളുടെയും ബന്ധുക്കളുടെയും വാദം. ഹൈക്കോടതിയിൽ നിന്നുളള സ്റ്റേ ഉത്തരവ് അരമണിക്കൂറിനുളളിൽ കിട്ടുമെന്ന് അറിയിച്ചിട്ടും അത് ചെവിക്കൊളളാൻ അധികൃതർ തയ്യാറായില്ലെന്നും സ്റ്റേ ഓർഡർ കിട്ടുന്നതിനു മുന്നേ എങ്ങനെയെങ്കിലും ഒഴിപ്പിക്കാൻ ധൃതികൂട്ടുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

വസന്തയുടെ പ്രകോപനപരമായ വാക്കുകൾ

'' ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങൾക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവർക്ക് കൊടുക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നിൽ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കിൽ വസ്തു ഏറ്റെടുക്കാം. കോളനിക്കാർ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങൾക്ക് വേണമെങ്കിൽ വസ്തു നല്‍കും. പക്ഷേ, ഗുണ്ടായിസം കാണിച്ചവർക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല. വേണമെങ്കിൽ അറസ്റ്റ് വരിക്കാനും ജയിലിൽ കിടക്കാനും തയ്യാറാണ്''