പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എൽ.ഡി.എഫിന്റെ വിവിധ കമ്മിറ്റികൾ ഇവിടങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ളവരെ തീരുമാനിച്ചിരുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ മേനംകുളം ബ്ലോക്ക് ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ ഹരിപ്രസാദ് പ്രസിഡന്റും കുടവൂർ ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ അഡ്വ. അനീജ വൈസ് പ്രസിഡന്റുമാകും. മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ഇടതുസ്വതന്ത്ര സുമ ഇടവിളാകം പ്രസിഡന്റും കോട്ടറക്കരി വാർഡിൽ നിന്ന് ഇടതു വിമതനായി വിജയിച്ച മുരളിയെ വൈസ് പ്രസിഡന്റാക്കാനും തീരുമാനിച്ചു. കഠിനംകുളം പഞ്ചായത്തിൽ സി.പി.എമ്മിലെ അജിത അനി പ്രസിഡന്റും ഷീല ഗ്രിഗോറി വൈസ് പ്രസിഡന്റുമാകും. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിൽ കൊയ്‌ത്തൂർക്കോണം വാർഡിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ ഹരി പ്രസിഡന്റും പള്ളിപ്പുറം വാർഡിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ മാജിത വൈസ് പ്രസിഡന്റുമാകും. പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ഇടത്തറ വാർഡിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ ടി.ആർ. അനിൽകുമാർ പ്രസിഡന്റും ടൗൺ വാർഡിൽ നിന്ന് വിജയിച്ച അനിത ടീച്ചർ വൈസ് പ്രസിഡന്റുമാകും.