neyyattinkara-protest

അമ്പിളിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

പാെലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടറുടെ ഉറപ്പ്

തിരുവനന്തപുരം: പുറംപോക്ക് ഭൂമിയിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന കുടുംബത്തെ കുടിയൊഴിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ദമ്പതികൾ മരിച്ച സംഭവത്തിൽ നാടിൻെറ പ്രതിഷേധമിരമ്പി. നാട്ടുകാർ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രതിഷേധം കൊടുങ്കാറ്റായി. ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും നിരാലംബരായ മക്കൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ അമ്പിളിയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ഉറച്ച നിലപാടെടുത്തതോടെ പ്രതിഷേധം രോഷാഗ്നിയായി പാെലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും,ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും കളക്ടർ ഉറപ്പ് നൽകി. തുടർന്നാണ്, മണിക്കൂറുകൾ നീണ്ട പ്രതിഷേധം രാത്രി എട്ട് മണിയോടെ അവസാനിച്ചത്.

പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട കേസിലെ പരാതിക്കാരിയും അയൽവാസിയുമായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാവിലെ മുതൽ ഉയർന്ന പ്രതിഷേധം ആളിപ്പടരുകയായിരുന്നു. ക്രമസമാധാന പ്രശ്‌നമുള്ളതിനാൽ വസന്തയെ സ്ഥലത്തു നിന്നു മാറ്റാൻ സ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥലത്തെത്തിയതോടെ കോൺഗ്രസുകാർ ഒന്നടങ്കം പ്രതിഷേധത്തിൽ അണിനിരന്നു. വസന്തയെ അറസ്റ്റ് ചെയ്യാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. ഇതോടെ പൊലീസ് തന്ത്രപരമായി പരാതിക്കാരിയെ വീട്ടിൽ നിന്ന് മാറ്റി കരുതൽ തടങ്കലിലാക്കി സുരക്ഷയൊരുക്കി. പൊലീസിൻേറത് നാടകമാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു. ദമ്പതികളുടെ അനാഥരായ മക്കളും പ്രതിഷേധക്കാർക്കൊപ്പം ഇരുന്നത് നൊമ്പരക്കാഴ്ചയായി.

കുട്ടികളിൽ ഒരാൾക്ക് സർക്കാർ ജോലി, കുടുംബത്തിന് അടിയന്തര ധനസഹായം

സ്ഥലം കുട്ടികളുടെ പേരിലാക്കി അവിടെ വീട് നിർമ്മിച്ച് നൽകൽ, പൊള്ളലേറ്റ് മരിക്കാൻ കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ, പൊള്ളലേറ്റു മരിച്ച അമ്പിളിയുടെ മൃതദേഹവുമായി മെഡിക്കൽ കോളേജിൽ നിന്നെത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് തഹസീൽദാർ ഉറപ്പ് നൽകിയെങ്കിലും, അത് രേഖാമൂലം നൽകണമെന്നായി പ്രതിഷേധക്കാർ. മണിക്കൂറുകൾ പിന്നിട്ടിട്ടും മൃതദേഹം ആംബുലൻസിൽ റോഡിൽ കിടന്നതും മറ്റൊരു ദയനീയ കാഴ്ചയായി. പ്രതിഷേധക്കാർ പിൻതിരിയില്ലെന്ന് കണ്ടതാേടെയാണ് കളക്ടർ സ്ഥലത്തെത്തിയത്. അച്ഛൻെറ മൃതദേഹം സംസ്കരിച്ചതിൻെറയടുത്ത് അമ്മയുടെ മൃതദേഹവും സംസ്കരിക്കണമെന്ന് മക്കൾ കളക്ടറോട് പറഞ്ഞു.