
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച മാതാപിതാക്കളുടെ പ്രായപൂർത്തിയാകാത്ത മകന് പൂർണ സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ദമ്പതികളുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ടിനോട് കമ്മിഷൻ ആവശ്യപ്പെട്ടു.
മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗങ്ങളായ കെ. നസീർ, ഫാ. ഫിലിപ്പ് പരക്കാട്ട്, സി. വിജയകുമാർ എന്നിവർ അതിയന്നൂരിൽ സംഭവം നടന്ന ലക്ഷം വീട് കോളനിയിൽ എത്തി ദമ്പതികളുടെ മക്കളും ബന്ധുക്കളും സമീപവാസികളുമായും സംസാരിച്ചു.
കുട്ടിക്ക് ഏതുതരത്തിലുള്ള സംരക്ഷണം നൽകണമെന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും കമ്മിഷൻ ആവശ്യപ്പെട്ടു.