തിരുവനന്തപുരം: പിതാവിനെ സംസ്കരിക്കാൻ കുഴിയെടുക്കുന്ന പതിനേഴുകാരൻ രഞ്ജിത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ മലയാളികളെ വേട്ടയാടിയത്.
കേരളം കണ്ടു പരിചയിച്ച ദൃശ്യങ്ങളായിരുന്നില്ല അത്. അവകാശത്തർക്കമുള്ള ഭൂമിയിൽ രാജനെ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പിതാവ് ഇത്രയും കാലം ജീവിച്ച ഭൂമിയിൽ സംസ്കരിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും ആവശ്യപ്പെട്ടു. നാട്ടുകാർ പൊലീസിനെ ഭയന്ന് മാറിനിൽക്കെ, പിതാവിന് കുഴിയെടുക്കാൻ രഞ്ജിത്ത് ഇറങ്ങി. കുഴി വെട്ടുന്നതിനിടെയും പൊലീസ് തടഞ്ഞു. അപ്പോൾ കൈ ചൂണ്ടി 'നിങ്ങളെല്ലാം ചേർന്നാണ് എന്റെ അച്ഛനെ കൊന്നതെന്ന് ' രഞ്ജിത്ത് വിലപിക്കുന്നതാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പടർന്നത്.
രാജന്റെ സംസ്‌കാരത്തിനായി മറ്റാരെയും കുഴിയെടുക്കാൻ പൊലീസ് സമ്മതിക്കാത്തതു കൊണ്ടാണു തന്റെ സഹോദരനു കുഴിയെടുക്കേണ്ടി വന്നതെന്ന് മറ്റൊരു മകനായ രാഹുൽ പറഞ്ഞു. രഞ്ജിത്ത് കുഴിയെടുത്തു നിൽക്കുമ്പോഴാണ് അമ്മ അമ്പിളിയും വിടപറഞ്ഞത് അറിഞ്ഞത്. പൊലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തു തന്നെ മക്കൾ നടത്തി. അമ്പിളിയെയും ഇതിനടുത്തായാണ് സംസ്കരിച്ചത്.