1

പൂവാർ: കഴക്കൂട്ടം - കാരോട് ബൈപ്പാസ് നിർമ്മാണം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. 1969ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് ദേശീയപാതാ നിർമ്മാണം ആരംഭിച്ചത്. അതേ വർഷം തന്നെ സർവേ നടത്തി അലൈൻമെന്റ് കല്ലുകൾ സ്ഥാപിച്ചു. ഉദ്യോഗസ്ഥരുടെ ചുമതലാ വിന്യാസവും, ഓഫീസുകളുടെ ക്രമീകരണവും നടത്തി. 1988ൽ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ നിലവിൽ വന്നതോടെ പദ്ധതി അവരുടെ ചുമതലയായി. അതോടെ ദേശീയപാത ബൈപ്പാസ് റോഡ് നിർമ്മാണമായി പരിണമിച്ചു. 2015 ജൂണിലാണ് 43.62 കിലോമീറ്റർ നീളമുള്ള കഴക്കൂട്ടം - കാരോട് ബൈപ്പാസ് നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. നാലുവരിപ്പാതയും ഇരു വശങ്ങളിലും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയാണ് ബൈപ്പാസ് റോഡിനുള്ളത്. 2018ൽ നിർമ്മാണം പൂർത്തീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നടപ്പായില്ല. 2020ൽ ഒന്നാം ഘട്ടമായ കഴക്കൂട്ടം മുതൽ വിഴിഞ്ഞം മുക്കോല വരെയുള്ള 26.5 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തിരിക്കുകയാണ്. രണ്ടാം ഘട്ടമായ മുക്കോല മുതൽ കാരോട് വരെയുള്ള നിർമ്മാണം ഇപ്പോഴും തുടരുന്നു. പണി പൂർത്തിയായാൽ സേലം - കന്യാകുമാരി എക്‌സ്‌പ്രസ് ഹൈവേയോട് കഴക്കൂട്ടം കാരോട് ബൈപ്പാസ് കൂടിച്ചേരും. അതോടെ തലസ്ഥാന നഗരിയെ കന്യാകുമാരിയുമായി ബന്ധിപ്പിക്കാനാകും. തമിഴ്നാട് അതിർത്തിയായ കാരോട് ഇഞ്ചിവിള വരെ നീളുന്ന രണ്ടാംഘട്ടം റോഡിനെ റിജിഡ് പേമെന്റ് (കോൺക്രീറ്റ്) റോഡായിട്ടാണ് നിർമ്മിക്കുന്നത്. സാധാരണ ടാർ റോഡിനേക്കാൾ ഈട് നിൽക്കുന്നതും, വെള്ളം കെട്ടിനിൽക്കാൻ കുഴികൾ ഉണ്ടാവില്ലെന്നതുമാണ് ഈ റോഡിന്റെ പ്രത്യേകതയെന്ന് സംഘാടകർ പറയുന്നു. എന്നാൽ കൊവിഡ് 19 നെ തുടർന്നുള്ള പ്രതിസന്ധിയും അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് റോഡ് നിർമ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള എൽ.ആൻഡ് ടി കമ്പനി വക്താക്കൾ പറയുന്നത്. അതായത് ലക്ഷ്യം കാണാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന് അർത്ഥം.

നാൾ വഴികൾ

1969ൽ ദേശീയപാതാ നിർമ്മാണം ആരംഭിച്ചു

1988ൽ ദേശീയപാത ബൈപ്പാസ് റോഡ് നിർമ്മാണമായി പരിണമിച്ചു

2015 ൽ കഴക്കൂട്ടം - കാരോട് ബൈപ്പാസ് നിർമ്മാണ പ്രവർത്തനം ആരംഭിച്ചു

 2020ൽ ഒന്നാം ഘട്ടമായ കഴക്കൂട്ടം മുതൽ വിഴിഞ്ഞം മുക്കോല വരെയുള്ള റോഡ് ഗതാഗതത്തിനായി തുറന്ന് നൽകി

നിർമ്മാണ ചെലവ്

പദ്ധതിയുടെ തുടക്കത്തിൽ ആകെ എസ്റ്റിമേറ്റ് തുക 666 കോടിയായിരുന്നു. പിന്നെയത് 1194 കോടി. ഒന്നാം ഘട്ടത്തിന് 700 കോടി. രണ്ടാം ഘട്ടത്തിന് 494 കോടി. ഒന്നാം ഘട്ടം എത്തിയപ്പോൾ അത് 800 കോടിയായി മാറി. രണ്ടാംഘട്ടം പൂർത്തിയാക്കാൻ ഇനിയും തുക ചെലവിടേണ്ടി വരുമെന്നർത്ഥം.

51 വർഷം പിന്നിടുന്ന ഒരു നിർമ്മാണവും ലോകത്ത് ഒരു രാജ്യത്തുമുണ്ടാകില്ല. എത്രയും വേഗം പണി പൂർത്തിയാക്കണം. മുക്കോല മുതൽ കാരോട് വരെ റോഡിനായി ഭൂമി വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാര കുടിശ്ശിക അടിയന്തരമായി കൊടുത്തു തീർക്കണം.

വി. സുധാകരൻ, ചെയർമാർ, കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ

അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും അപ്രതീക്ഷിതമായി കടന്നുവന്ന പദ്ധതിയിലെ മാറ്റങ്ങളും

റോഡ് നിർമ്മാണം വൈകിപ്പിച്ചു.

നാഷണൽ ഹൈവേ അതോറിട്ടി