c

തിരുവനന്തപുരം:ജില്ലയിലെ സി.പി.എം - സി.പി.ഐ തർക്കം പരിഹരിച്ചു. എൽ.ഡി.എഫ് ഐക്യത്തിൽ വിള്ളലുണ്ടാക്കിയ നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലെ തർക്കത്തിന്റെ സാഹചര്യത്തിലായിരുന്നു ഉഭയകക്ഷി ചർച്ച. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതിലും ചർച്ചയിൽ ധാരണയായി. വിവാദമായ നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സ്ഥാനം സി.പി.ഐക്ക് നൽകാനും തീരുമാനിച്ചു. ഇതനുസരിച്ച് വൈസ് ചെയർമാനായി തിരഞ്ഞെടുത്ത സി.പി.എമ്മിന്റെ പി.ഹരികേശൻനായർ സ്ഥാനം രാജിവച്ചു. നഗരസഭ സെക്രട്ടറിക്ക് ഇന്നലെ രാജിക്കത്ത് നൽകി. മൂന്ന് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം, മൂന്നിടത്ത് വൈസ് പ്രസിഡന്റ് സ്ഥാനം, അഞ്ച് പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം എന്നിവയാണ് സി.പി.ഐക്ക് നൽകുന്നത്. രണ്ടരവർഷം വീതമാണ് നൽകുന്നത്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.