
സൈജു കുറുപ്പ്, സിജോയ് വർഗീസ്, മിയ ജോർജ്ജ്,നയന എൽസ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രൊഫസർ സതീഷ് പോൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗാർഡിയൻ ' നാളെ ഓൺ ലൈൻ പ്ലാറ്റ്‌ഫോമായ പ്രൈം റീൽസിലൂടെ പ്രദർശനത്തിനെത്തും. ഷിയാസ് കരീം, അജയ് ഷിബു, അനന്തു അനിൽ, കിഷോർ മാത്യു, ഷിംന കുമാർ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒരാളെ കാണാതാകുന്നതിനെ തുടർന്നുണ്ടാകുന്ന അന്വേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ' ഗാർഡിയൻ'എന്ന ചിത്രത്തിൽ പ്രതിപാദിക്കുന്നത്. സൈജു കുറുപ്പ്, സിജോയ് വർഗീസ് എന്നിവർ നായകന്മാരാകുമ്പോൾ മിയ ജോർജ്ജും നയന എൽസയുമാണ് നായികമാരായി അഭിനയിക്കുന്നത്. ഐ.പി.എസ് മീര മോഹൻദാസായി പൊലീസ് വേഷത്തിൽ മിയ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ബ്ളാക്ക് മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബിൻ ജോർജ്ജ് കണ്ണാത്തുക്കുഴി, അഡ്വ. കുര്യാക്കോസ് പാറയ്ക്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോർജ്ജ് നിർവഹിക്കുന്നു. ധന്യാ സ്റ്റീഫൻ,നിരഞ്ജ്,എ സുരേഷ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം ഈണം പകരുന്നു. എഡിറ്റർ: വിജി എബ്രാഹം. പി.ആർ.ഒ: എ എസ് ദിനേശ്.