mukkam

മുക്കം: പി.എം.എ.വൈ(ഭവന)പദ്ധതി നിർവഹണത്തിനുള്ള കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ അവാർഡ് മുക്കം നഗരസഭ നേടി. മികച്ച പ്രവർത്തനം നടത്തിയ നഗരസഭ എന്ന നിലയിലാണ് മുക്കത്തിന് അവാർഡ് ലഭിച്ചത്. ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിന് തിരഞ്ഞെടുത്തത്. കേരളത്തിൽ മുക്കം നഗരസഭയ്ക്കു മാത്രമാണ് അവാർഡ്. ഉത്തർപ്രദേശിലെ മിർസാപൂർ, ജാർഘണ്ഡിലെ ജൂംറി തിലയ, ഛത്തിസ്ഗഡിലെ ദോനഗ്ര, മധ്യപ്രദേശിലെ ഖുറേ എന്നിവയാണ് മുക്കത്തിനു പുറമെ അവാർഡ് നേടിയ നഗരങ്ങൾ.

പി.എം.എ.വൈ പദ്ധതി നടത്തിപ്പിന് നൂതന മാതൃകകൾ അവലംബിച്ചതാണ് മുക്കത്തിനെ അവാർഡിന് അർഹമാക്കിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും പദ്ധതികൾ സംയോജിപ്പിച്ച് നടപ്പാക്കിയതും ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തിയതുമാണ് ശ്രദ്ധേയമായത്. വീടു നിർമ്മിക്കുന്നവർക്ക് അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി പത്തു രൂപ നിരക്കിൽ സിമന്റ് കട്ടകൾ ലഭ്യമാക്കുകയും കിണറുകൾ നിർമിച്ചു നൽകുകയും ചെയ്തതിന് പുറമെ ഓരോ ഗുണഭോക്താവിനും തൊണ്ണൂറ് തൊഴിൽ ദിനങ്ങളും നൽകി.

നിർമ്മാണം പൂർത്തിയാക്കിയ വീടുകൾ സ്വഛ് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് ബയോഗ്യാസ് പ്ലാന്റ് നൽകുകയും ചെയ്തു. അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർളി ഇനത്തിൽ പെട്ട പ്ലാവിൻ തൈകൾ നട്ടു പിടിച്ചു.
ഗ്യാസ് കണക്ഷനില്ലാതിരുന്ന കുടുംബങ്ങൾക്കെല്ലാം ഉജ്ജ്വൽ യോജന പദ്ധതിയിൽ സൗജന്യ കണക്ഷനും നൽകി.
പുതിയ വീടുകളിലേയ്ക്ക് മാറിയ കുടുംബങ്ങൾക്കെല്ലാം പുതിയ റേഷൻ കാർഡ് നൽകാനും കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനും സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്ന് അദാലത്തുകൾ നടത്തിയതും വലിയ നേട്ടമായി. അറുന്നൂറ്റിപതിമൂന്ന് കുടുംബങ്ങളാണ് മുക്കം നഗരസഭയുടെ ഭവന പദ്ധതിയിൽ ഉൾപ്പെട്ടത്. ഇതിൽ നാന്നൂറി എഴുപത് വീടുകൾ പൂർത്തിയായി കഴിഞ്ഞു. വി. കുഞ്ഞൻ ചെയർമാനായ ആദ്യ നഗരസഭയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങളാണ് ഈ നേട്ടത്തിനു പിന്നിലെന്ന്‌ സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു.